
സോച്ചി: വന്‍ മരങ്ങള്‍ക്ക് അടിത്തെറ്റിയ ലോകകപ്പില്‍ അനായാസമായി ജയിച്ച് കയറി ബെല്‍ജിയം. പൊരുതി കളിച്ച പനാമയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ ജയിച്ചു കയറിയത്. ചുവപ്പ് പടയ്ക്കായി റൊമേലു ലുക്കാക്കു രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ ഡ്രെെസ് മെര്‍ട്ടനസ് ഒരു ഗോളും പേരിലെഴുതി. പ്രതിരോധം ശക്തമാക്കിയ പനാമയെ രണ്ടാം പകുതിയില്‍ മാത്രമാണ് ബെല്‍ജിയത്തിന് കീഴടക്കാനായത്.
47-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്‍റെ ആദ്യ ഗോള്‍ പിറന്നു. ലുക്കാക്കുവിനെ ലക്ഷ്യമാക്കി വന്ന ക്രോസ് ഒരു വിധം പനാമ തട്ടിയകറ്റിയത് വന്നത് ഡ്രെെസ് മെര്‍ട്ടനിനസിന്‍റെ കാലില്‍. അസാധ്യ ആംഗിളില്‍ നിന്ന് മെര്‍ട്ടിനസ് തൊടുത്ത വോളി വലയിലേക്ക് ചാഞ്ഞിറങ്ങി. ഒരു ഗോളിന് പിന്നിലായതോടെ അത്രയും നേരം പ്രതിരോധം ആയുധമാക്കിയ പനാമ ആക്രമണങ്ങളും ആരംഭിച്ചു.
വലതു വിംഗില്‍ ഓടിക്കയറിയ മെെക്കല്‍ മുറില്ലയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോട്ടുവായുടെ ദീര്‍ഘവീക്ഷണം അപകടം ഒഴിവാക്കി. പക്ഷേ, പനാമയുടെ ഡിഫന്‍സില്‍ വന്ന വിള്ളലുകള്‍ ബെല്‍ജിയത്തിന് 69-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും നേടിക്കൊടുത്തു. സൂപ്പര്‍ താരങ്ങളായ ഹസാര്‍ഡും കെവിന്‍ ഡിബ്രൂയ്നെയുമാണ് ഗോളിന് വഴിയൊരുക്കിയത്. ഹസാര്‍ഡിന്‍റെ നീക്കത്തിനൊടുവില്‍ പന്തു കിട്ടിയ ഡിബ്രൂയിന്‍ ബോക്സിനുള്ളില്‍ കാത്തു നിന്ന് റൊമേലു ലുക്കാക്കുവിന് തലപ്പാകത്തിന് ക്രോസ് എത്തിച്ചു നല്‍കി.
ആദ്യ പകുതിയില്‍ നിറം മങ്ങിയ ലുക്കാക്കു അവസരം മുതലാക്കി പന്ത് വലയിലാക്കി. രണ്ടു ഗോള്‍ വീണതോടെ പനാമ തളര്‍ന്നു. ഇതോടെ ബെല്‍ജിയത്തിന്‍റെ ഊര്‍ജം വര്‍ധിച്ചു. 75-ാം മിനിറ്റില്‍ ലുക്കാക്കു അടുത്ത ഗോളും നേടിയതോടെ ലോകകപ്പിലെ അരങ്ങേറ്റം പനാമയ്ക്ക് ദുരന്തമായി മാറി. മെെതാന മധ്യത്ത് നിന്ന് കുതിച്ചെത്തിയ ഹസാര്‍ഡ് ഇടതു വിംഗില്‍ ഓടിക്കയറിയ ലുക്കാക്കുവിന് പന്ത് മറിച്ചു.
ആരും തടയാനില്ലാതിരുന്ന ലുക്കാക്കു ഗോള്‍കീപ്പറെയും എളുപ്പത്തില്‍ മറികടന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മിന്നും താരങ്ങളുടെ പകിട്ടുമായി ബെല്‍ജിയം കുപ്പായത്തിലിറങ്ങിയവരെ ആദ്യ പകുതിയില്‍ ഒരുവിധം പനാമ പിടിച്ചു നിര്‍ത്തി. കന്നി ലോകകപ്പിനെത്തിയ പനാമയുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ഹസാര്‍ഡിനും സംഘവും പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും നടന്നില്ല.
ഇരു ടീമുകളുടെയും ആക്രമണ പ്രത്യാക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. വേഗവും ചടുതലയും കൊണ്ട് അമ്പരിപ്പിച്ച ബെല്‍ജിയത്തിന്‍റെ വമ്പന്‍ താരങ്ങളോട് ആദ്യ നിമിഷങ്ങളില്‍ കന്നി ലോകകപ്പ് കളിക്കുന്ന പനാമയുടെ താരങ്ങള്‍ പേടിച്ചില്ല. ആറാം മിനിറ്റില്‍ കളിയിലെ ആദ്യ മികച്ച അവസരം ചുവപ്പന്‍ പട്ടാളം തുറന്നെടുത്തു. ബോക്സിന് തൊട്ട് പുറത്ത് പന്ത് ലഭിച്ച തോമസ് മ്യൂണിയര്‍ മുന്നോട്ട് കയറിയെടുത്ത ഷോട്ട് പനാമയുടെ ഗോള്‍കീപ്പര്‍ ജെയ്മി പെനഡോ കുത്തിയകറ്റി.
11-ാം മിനിറ്റില്‍ പനാമ നായകന്‍ റോമന്‍ ടോറസിന് പറ്റിയ അമളി മുതലാക്കി ഏദന്‍ ഹസാര്‍ഡും ഷോട്ട് ഉതിര്‍ത്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. പനാമിയന്‍ താരങ്ങളുടെ അനുഭവപരിചയമില്ലായ്മ മുതലാക്കിയായിരുന്നു ബെല്‍ജിയത്തിന്‍റെ മുന്നേറ്റങ്ങളേറെയും. പ്രതിരോധ നിരയിലെ കരുത്തന്‍ വിന്‍സെന്‍റ് കമ്പനി ഇല്ലെങ്കിലും പനാമയുടെ മുന്നേറ്റങ്ങള്‍ അപകടം വിതയ്ക്കാതെ നോക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞു.
കളിയില്‍ ആധിപത്യം ഉറപ്പിച്ചെങ്കിലും ബെല്‍ജിയത്തിന്‍റെ മുന്നേറ്റങ്ങളെ ടോറസിന്‍റെ നേതൃത്വത്തിലുള്ള പനാമയുടെ പ്രതിരോധപ്പടയ്ക്കു മുന്നില്‍ തകരുകയായിരുന്നു. ഇതിനെ വേഗം കൊണ്ട് മറികടന്ന് ഹസാര്‍ഡ് 35-ാം മിനിറ്റില്‍ കുതിച്ച് കയറിയെങ്കിലും അതും പെനഡോ തടുത്തു. സെറ്റ് പീസുകളില്‍ മികച്ച നീക്കങ്ങള്‍ മെനഞ്ഞ ബെല്‍ജിയം പനാമയെ പല ഘട്ടത്തിലും വിറപ്പിച്ചു. എങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേട്ടം ആഘോഷിക്കാന്‍ ഹസാര്‍ഡിനെയും സംഘത്തെയും ലോകകപ്പിലെ കന്നിക്കാര്‍ സമ്മതിച്ചില്ല. ലോകകപ്പിലെ വലിയ ടീമുകള്‍ പേടിക്കുന്ന സമനിലപ്പൂട്ടില്‍ നിന്ന് രക്ഷപ്പെട്ട ബെല്‍ജിയത്തിന് ഇനി മുന്നോട്ടുള്ള കുതിപ്പ് എളുപ്പമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam