
ബംഗളുരു: സെൽഫിയെടുക്കുന്നതിനിടെ കൂട്ടുകാരൻ വെള്ളത്തിൽ മുങ്ങിമരിച്ചു. ചിത്രങ്ങൾ പകർത്തിയ കൂട്ടുകാർ പിന്നീട് ഫോണിൽ കണ്ടത് കൂട്ടുകാരൻ മുങ്ങിമരിക്കുന്ന ദാരുണ ദൃശ്യങ്ങളായിരുന്നു. ബംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജി.വിശ്വാസാണ് (17) കൂട്ടുകാർ തൊട്ടരികെ നിൽക്കെ മുങ്ങിമരിച്ചത്.
ജയനഗർ നാഷണൽ കോളേജിൽ നിന്ന് എൻസിസി ക്യാമ്പിനെത്തിയതായിരുന്നു സംഘം. 24 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ക്യാമ്പില്‍ നിന്ന് സംഘത്തിലെ കുറച്ച് കുട്ടികൾ കല്യാണി ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തി. വിശ്വാസും ഇവർക്കൊപ്പമുണ്ടായിരുന്നു. എന്നാൽ സംഘത്തിലെ മറ്റു കുട്ടികൾ കുളത്തിന്റെ കരയിൽനിന്നു സെൽഫി പകർത്തുന്നതിനിടെ നീന്തൽ വശമില്ലാതിരുന്ന വിശ്വാസ് വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു.
കുറച്ചുനേരത്തിനുശേഷം വിശ്വാസിനെ കാണാതായതിനെ തുടർന്നു കുട്ടികൾ തെരച്ചിൽ തുടങ്ങി. ഇതിനിടെ മുമ്പെടുത്ത സെൽഫി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിശ്വാസ് വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തിയ പരിശോധനയിൽ വിശ്വാസിന്റെ മൃതദേഹം കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam