
ദുബായ്: യു.എ.ഇയില്‍ താമസ, വിസ നിയമത്തില്‍ ഭേദഗതി വരുന്നു. നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും 10 വര്‍ഷത്തെ വിസ അനുവദിക്കാനാണ് നീക്കം. വിദ്യാര്‍ത്ഥികളുടെ വിസാ കാലാവധി അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തും. രാജ്യത്ത് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനും യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു.
നിലവില്‍ ഫ്രീസോണുകളില്‍ മാത്രമാണ് യു.എ.ഇ പരാമധി മൂന്നുവര്‍ഷം വിസാകാലാവധി നല്‍കുന്നത്. മറ്റു മേഖലകളില്‍ ഇത് രണ്ടുവര്‍ഷമാണ്. ഡോക്ടര്‍മാര്‍ എഞ്ചിനിയര്‍മാര്‍, വൈദഗ്ധ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് 10 വര്‍ഷത്തെ വിസ നല്‍കുന്നതിലൂടെ മനുഷ്യ വിഭവശേഷിയില്‍ കുതിച്ചു ചാട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍, എന്‍ജിനീയറിങ്, ശാസ്‌ത്ര മേഖലകളിലെ ഏറ്റവും മികച്ചവരെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയ നടപടിയാണിത്. ദുബായി ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭ യോഗത്തിലാണ് നിലവിലെ താമസ, വിസ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.
യു.എ.ഇയില്‍ ഫ്രീസോണുകള്‍ ഒഴികെയുള്ള മേഖലയിലെ സംരംഭങ്ങളില്‍ സ്വദേശികള്‍ക്ക് 51 ശതമാനവും വിദേശികള്‍ക്കു 49 ശതമാനവും ഉടമസ്ഥാവകാശമെന്നതാണ് നിയമം. വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്നതോടെ രാജ്യാന്തര കമ്പനികള്‍ പലതും യു.എ.ഇ ലക്ഷ്യമാക്കുമെന്നാണ് കണക്കുകൂട്ടല്‍. യു.എ.ഇയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷ വിസയും മികച്ച വിദ്യാര്‍ഥികള്‍ക്കു പത്തുവര്‍ഷ വീസയും നല്‍കാനാണ് പദ്ധതി. നിലവിലുള്ള താമസ, വിസ സംവിധാനം പരിഷ്കരിക്കും. വിദ്യാര്‍ഥികള്‍ക്ക് യു.എ.ഇയില്‍ സര്‍വകലാശാലാ പഠനത്തിനുശേഷം ജോലി തേടാനുള്ള അവസരവും വിസ നല്‍കുന്നതിലൂടെ ലഭ്യമാകും. മികവുള്ളവര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. മന്ത്രിസഭാ യോഗ തീരുമാനം ഈ വര്‍ഷം അവസാനം പ്രാബല്യത്തില്‍ വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam