വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും നാടിന്‍റെ സ്വപ്നമാണ് യഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാം കുതിപ്പിനാണ് ഇതോടെ തുടക്കമായത്. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറിയെന്നും നാടിന്‍റെ സ്വപ്നമാണ് യഥാര്‍ഥ്യമായതെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന് സ്വാഗതം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്ര മന്ത്രി സാധ്യമായത് എല്ലാം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

എത്രയോ പതിറ്റാണ്ടുകളാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം പേറി നടന്നതെന്നും ഒരോ വട്ടവും വലിയ തടസങ്ങളുണ്ടായെന്നും പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപ‍ടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു. 2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസ്സങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല. 2016ന് മുമ്പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. 

വികസനത്തിന് മുന്നിലുള്ള തടസ്സങ്ങൾ അതിജീവിക്കാനാണ് ശ്രമിച്ചത്. അതിന് ഫലം ഉണ്ടായി. പലതും നടക്കില്ല എന്നതായിരുന്നു നമ്മുടെ നാട് കേട്ടിരുന്ന ആക്ഷേപം. ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല എന്നായിരുന്നു പരിഹാസം. അനേകം പദ്ധതികൾ നടപ്പാക്കി ആ ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങളും നമ്മൾ മറുപടി നൽകിയെന്നും ഇവിടെ പലതും നടക്കുമെന്ന് തെളിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം കേരളത്തിന്‍റെ സാമ്പത്തിക നട്ടെല്ലായി മാറി കഴിഞ്ഞു. യുവാക്കൾക്ക് തൊഴിൽ അവസരം നൽകി. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു. ആഗോള കപ്പൽ ചാലിൽ കേരളത്തിന്‍റെ പേര് സുവർണ ലിപികളിൽ എഴുതപ്പെട്ടു. തുറമുഖത്തിന്‍റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു. പല തുറമുഖങ്ങളെയും വിഴിഞ്ഞം പിന്നിലാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രണ്ടാം ഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും

രണ്ടാം ഘട്ട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. നിശ്ചയിച്ചതിലും 17 വർഷം മുൻപേ തുടർവികസനം പൂർത്തിയാകും. സർക്കാരിന്‍റെ വരുമാനം നേരത്തെ കണക്കാക്കിയതിലും വർധിക്കും. 5500 കോടി രൂപ ആദ്യ ഘട്ടത്തിൽ സംസ്ഥാനം ചെലവാക്കി. മറ്റൊരു സംസ്ഥാനവും തുറമുഖത്തിനായി ഇത്രത്തോളം തുക ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.റിങ് റോഡ് സാങ്കേതിക പ്രശ്നങ്ങളാൽ നീണ്ടു പോകുകയാണ്. അതിവേഗം റിങ് റോഡിന് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ തോതിലുള്ള വികസനമാണ് വരുന്നത്. വിഴിഞ്ഞത്തിന്‍റെ തീരത്ത് നിന്ന് ലോകത്തിന് നൽകാനുള്ള സന്ദേശം ഒന്ന് മാത്രമാണ്. കേരളം മാറുകയാണെന്നും മുന്നേറുകയാണെന്നമുള്ള സന്ദേശമാണത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എല്ലാത്തിനും കാരണം ജനങ്ങളുടെ പിന്തുണയാണ്. ഇനിയും ജനങ്ങളുടെ പൂർണ പിന്തുണ പ്രതീക്ഷിക്കുകയാണ്. പൂർത്തീകരിക്കാനുള്ള കാര്യങ്ങൾ പൂർത്തീകരിക്കും. നാടിന്‍റെ ക്ഷേമവും വികസനവും ഉറപ്പാക്കുന്ന നവകേരളമാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അതിനായി ഒന്നിച്ച് മുന്നേറാം. വിഴിഞ്ഞം തുറമുഖം - ദേശീയ പാത ആക്സസ് റോഡിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

വിഴിഞ്ഞം കൂട്ടായ പരിശ്രമത്തിന്‍റെ ഫലമെന്ന് കരണ്‍ അദാനി

വിഴിഞ്ഞം പദ്ധതി ഒരു സര്‍ക്കാരിന്‍റെ മാത്രം പ്രയ്തനമല്ലെന്നും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും കരണ്‍ അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാവില്ലായിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മൻചാണ്ടിയുടെ പങ്കും കരണ്‍ അദാനി പ്രസംഗത്തി. എടുത്തു പറഞ്ഞു. വിഴിഞ്ഞം പദ്ധതി യഥാര്‍ഥ്യമാകാൻ പിന്തുണ നൽകിയ പ്രതിപക്ഷ നേതാവിനും കരണ്‍ അദാനി നന്ദി പറഞ്ഞു. രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരണ്‍ അദാനി പറഞ്ഞു. മറ്റൊരു ചരിത്ര നിമിഷമെന്നും തുറമുഖ മന്ത്രി വിഎൻ വാസവൻ പറഞ്ഞു. വിഴിഞ്ഞം പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയമാണെന്നുംപ്രതിസന്ധ ഘട്ടങ്ങൾ തരണം ചെയ്തത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി കൊണ്ടാണെന്നും വിഎൻ വാസവൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 2028ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.

YouTube video player