ലോകം നടുങ്ങിയ എടിഎം കൊള്ളകള്‍...

By Web DeskFirst Published Aug 9, 2016, 6:08 PM IST
Highlights

വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ രണ്ട് ക്രെഡിറ്റ് കാര്‍ഡ് ഓപ്പറേറ്റര്‍മാരുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് റാക്, ബാങ്ക് ഓഫ് മസ്ക്കറ്റ് എന്നീ ബാങ്കുകളുടെ ഡാറ്റാബേസ് ഹാക്ക് ചെയ്തായിരുന്നു ലോകത്തെ ഞെട്ടിച്ച ഹൈടെക് മോഷണം. വ്യക്തികളുടെ പണമല്ല, ബാങ്കിന്റെ സ്വന്തം കാശാണ് ഹാക്കര്‍മാര്‍ കൊണ്ടുപോയത്. എ.ടി.എം കാര്‍ഡുകളുപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഹാക്കര്‍മാര്‍ പ്രോഗ്രാമിംഗിലൂടെ കോടികളായി ഉയര്‍ത്തി. ഈ പ്രോഗ്രാമുപയോഗിച്ച് കാന്തിക കാര്‍ഡുകളില്‍ കോഡുകള്‍ രേഖപ്പെടുത്തി. ഹോട്ടല്‍മുറികള്‍ തുറക്കാനുപയോഗിക്കുന്ന കാര്‍ഡുകള്‍ വരെ അവര്‍ എ.ടി.എം കാര്‍ഡുകളാക്കി മാറ്റി. ഈ കാര്‍ഡുകളിലൂടെ രണ്ടു ദിവസങ്ങളില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് പണം കൈക്കലാക്കി. റുമാനിയ, ബ്രിട്ടന്‍, കാനഡ, അമേരിക്ക, ജപ്പാന്‍, റഷ്യ,  ഈജിപ്ത്, കൊളംബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലൂടെയാണ് കൂടുതല്‍ പണം ചോര്‍ത്തപ്പെട്ടത്. സംഘത്തില്‍ ആയിരത്തോളം പേരുണ്ടായിരുന്നെങ്കിലും പിടിക്കപ്പെട്ടത് കുറച്ചുപേര്‍ മാത്രം. പുനെയിലും ബെംഗളുരുവിലുമുളള രണ്ടു ഇന്ത്യന്‍ കമ്പനികളും ഈ തട്ടിപ്പിന്‍റെ ഇരകളായി. എടിഎം കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതായി ഔട്ട്സോഴ്‌സ് നല്‍കിയതാണ് ഇന്ത്യന്‍ കമ്പനികള്‍ക്കു വിനയായത്. ഇവരിലൂടെയായിരുന്നു നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. 

ഇക്കൊല്ലം മേയില്‍  ജപ്പാനില്‍ നടന്നതാണ് ലോകത്തെ നടുക്കിയ മറ്റൊരു വലിയ എ.ടി.എം കൊള്ള. വ്യാജ എ.ടി.എം കാര്‍ഡുപയോഗിച്ച് ടോക്കിയോയിലെ 1400 എടിഎമ്മുകളില്‍ നിന്ന് 90 കോടി രൂപയാണ് മോഷ്‌ടിച്ചത്. ദക്ഷിണാഫ്രിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചായിരുന്നു മോഷണം. ഇതിനു പിന്നിലുമുണ്ടായിരുന്നു നൂറോളം പേരടങ്ങുന്ന ഹൈടെക്ക് സംഘം. മേയ് 15ന് ടോക്കിയോയിലെ പതിനാറിടങ്ങളില്‍ നിന്ന് ഇവര്‍ പണം പിന്‍വലിച്ചു. പതിനാലായിരം തവണയായിട്ടാണ് 90 കോടിയോളം രൂപ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ചെങ്കിലും അതിനെടുത്തത് വെറും മൂന്നു മണിക്കൂര്‍ മാത്രം. 

സമാനമായ രീതിയില്‍ വലുതും ചെറുതുമായ ആയരക്കണക്കിന് എടിഎം കൊള്ളകളാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്നിട്ടുള്ളത്. 
ആഴത്തിലുള്ള ശാസ്‌ത്രീയ അവഗാഹമുള്ള ഹൈടെക് കള്ളന്മാര്‍ ഭൂമിയുടെ മറ്റേതോ കോണിലിരുന്ന് ഈ നിമിഷവും തട്ടിപ്പിന്റെ അണിയറ നീക്കങ്ങള്‍ നടത്തുന്നുണ്ടാവാം.

click me!