
പറ്റ്ന: ബിഹാറിലെ പ്ലസ്ടു പരീക്ഷയില്‍ ക്രമക്കേട് നടന്നതിന് സ്ഥിരീകരണം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാമത് നടത്തിയ പരീക്ഷയില്‍ പരാജയപ്പെട്ട രണ്ടു വിദ്യാര്‍ത്ഥികളുടെ ഫലം ബിഹാര്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് റദ്ദാക്കി. ബിഹാറിലെ പ്ലസ്ടു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ സയന്‍സിലും ഹ്യുമാനിറ്റീസിലുമായി ഏറ്റവുമുയര്‍ന്ന മാര്‍ക്ക് നേടിയ രണ്ടു വിദ്യാര്‍ത്ഥികളുടെ അഭിമുഖം വാര്‍ത്താ ചാനലുകളില്‍ വന്നതോടെയാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ശക്തമായത്.
ഉന്നത വിജയം നേടിയ പതിനാലു വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന പരീക്ഷാ ബോര്‍ഡ് നടത്തിയ രണ്ടാമത്തെ പരീക്ഷയില്‍ പങ്കെടുത്ത പതിമൂന്ന് പേരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ തോറ്റു. സയന്‍സ് വിഷയത്തില്‍ അഞ്ഞൂറില്‍ 485 മാര്‍ക്ക് വാങ്ങി സംസ്ഥാന തലത്തില്‍ ഒന്നാമതായ സൗരഭും രാഹുല്‍ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയുമാണ് പരാജയപ്പെട്ടത്. ഇവരുടെ ഫലം റദ്ദാക്കാന്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് ഉത്തരവിട്ടു.
ഹ്യുമാനിറ്റീസ് വിഷയത്തില്‍ ഏറ്റവുമുയര്‍ന്ന മാര്‍ക്ക് നേടിയ റൂബി എന്ന വിദ്യാര്‍ത്ഥിനി ആരോഗ്യപരമായ കാരണം പറഞ്ഞ് പരീക്ഷയ്‌ക്ക് ഹാജരായില്ല. റൂബിക്കെതിരെ പരീക്ഷാ ബോര്‍ഡ് നടപടിയെടുക്കുമെന്നാണ് സൂചന. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ പേരില്‍ എല്ലാതവണയും വാര്‍ത്തയില്‍ ഇടം നേടാറുള്ള ബിഹാറിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഇത്തവണ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam