
കോട്ടയം: ബാര്‍ക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വൈകിവന്ന കുറ്റസമ്മതമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി ഡോ.എന്‍.ജയരാജ് എം.എല്‍.എ. ബാര്‍ക്കേസിന്റെ തുടക്കത്തില്‍ തന്നെ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പല തവണ ഞങ്ങള്‍ ആവര്‍ത്തിച്ചതാണെന്നും ജയരാജ് പറഞ്ഞു.
തിരക്കഥ എഴുതിയവരും സംവിധാനം ചെയ്തവരും ആരാണെങ്കിലും കാലം കഴിയുമ്പോള്‍ എല്ലാം തെളിഞ്ഞുവരുമെന്ന കാര്യത്തില്‍ സംശയമില്ല. കേസിന്റെ തുടക്കത്തില്‍ തന്നെ ഇത് വെളിപ്പെടുത്തിയ വ്യക്തി തന്നെ ചില ബാഹ്യശക്തികളുടെ പരപ്രേരണയാണെന്ന് തുറന്നു പറഞ്ഞിരുന്നു. ഇനി ആരുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്തും എന്ന് കാലം തെളിയിക്കും.
ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു വ്യക്തിയെ ബാറുകള്‍ തുറക്കുക എന്ന സ്വന്തം താല്‍പര്യത്തിനുവേണ്ടി മാത്രം പൊതുമധ്യത്തില്‍ ആരോപണ വിധേയനാക്കിയവര്‍ക്ക് കാലം മാപ്പു നല്‍കട്ടെ എന്നാണ് പറയാനുള്ളതെന്നും ജയരാജ് പറഞ്ഞു. അടുത്തകാലത്ത് പലരുടേയും പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ഭാഷയുടെ രീതി വിത്യസ്ഥമാണെങ്കിലും ആശയങ്ങളിലെ സാമ്യം ആരെയും അമ്പരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണി അധികാരത്തിലെത്തിയാൽ എല്ലാ ബാറുകളും തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ . ഭൂരിഭാഗം ബാറുടമകളെയും വഞ്ചിച്ച സി.പി.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam