ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി

തൃശൂർ: ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറുപ്പംപടി സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അനില്‍ എന്നയാളാണ് കൊലപാതക വിവരം വിളിച്ചറിയിക്കുന്നത്. താന്‍ ഗുരുവായൂരും പരിസരത്തും അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളാണ്. റെയില്‍വേ ഗേറ്റിനടുത്ത വാടകവീടിനോട് ചേര്‍ന്ന കിണറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി തള്ളിയിട്ടുണ്ട്. തന്‍റെ പരിചയക്കാരനായ സുരേഷ് എന്നയാളാണ് പ്രതി. ഒരുമിച്ച് മദ്യപിക്കുമ്പോള്‍ അയാള്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇതായിരുന്നു വിവരം. വിവരമറിഞ്ഞുടന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തി. വാടക കെട്ടിടത്തിന്‍റെ താത്കാലിക മുറിയില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സുരേഷ് എന്നയാളെ കണ്ടെത്തി. കിണറ്റില്‍ നടത്തിയ പരിശോധനയില്‍ വസ്ത്രം ഉപയോഗിച്ച് കല്ലുകെട്ടിത്താഴ്തിയ മൃതദേഹവും കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൃതദേഹം രാത്രിതന്നെ ഫയര്‍ഫോഴ്സിന്‍റെ സഹായത്താല്‍ പൊലീസ് തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ചോദ്യം ചെയ്യലില് പ്രതി സുരേഷ് വെളിപ്പെടുത്തിയത്- കുറുപ്പംപടിയില്‍ ചുമട്ട് തൊഴിലാളിയായിരുന്നു സുരേഷ്. നാട്ടില്‍ നില്‍ക്കാന് വയ്യാത്ത ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുവായൂരെത്തി. സുഹൃത്തിന്‍റെ സഹായത്താല്‍ റെയില്‍വേ ഗേറ്റിന് സമീപം വാടകയ്ക്ക് താമസിച്ചു. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് വയോധികയെ പരിചയപ്പെടുന്നത്. താനും ഒറ്റയ്ക്കാണു കഴിയുന്നതെന്നും അഭയം നല്‍കാമെന്നും പറഞ്ഞ് കഴിഞ്ഞ ഒമ്പതിന് വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. പുറത്തുപോയി മദ്യപിച്ചെത്തി ശാരീരികമായി ഉപദ്രവിച്ചു. അതിനിടെ വയോധിക ബോധരഹിതയായി. മരിച്ചെന്നു കരുതി കല്ലുകെട്ടി കിണറ്റില്‍ ഇട്ടു. ഇന്നവിടെ തങ്ങി. തൊട്ടടുത്ത ദിവസം ഗുരുവായൂര് ക്ഷേത്ര പരിസരത്ത് താമസിച്ചു. പിന്നീടാണ് സുഹൃത്തുമൊന്നിച്ച് മദ്യപിക്കുന്നതും കൊലപാതക വിവരം സുഹൃത്തിനോട് വെളിപ്പെടുത്തുന്നതും.

YouTube video player