പൊലീസ് വാഹനവുമായി കൂട്ടിമുട്ടിയതിന് ബൈക്ക് യാത്രികന് ക്രൂരമര്‍ദ്ദനം

By Web DeskFirst Published Jun 5, 2018, 10:54 PM IST
Highlights
  • പൊലീസ് വാഹനവുമായി കൂട്ടിമുട്ടിയതിന് ബൈക്ക് യാത്രികന് ക്രൂരമര്‍ദ്ദനം

ആലുവ: പൊലീസ് വാഹനവുമായി കൂട്ടിമൂട്ടിയതിനെ തുടർന്ന് ബൈക്ക് യാത്രികനായ യുവാവിന് പൊലീസിന്റെ ക്രൂര മർദനം. ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെയാണ് മഫ്തിയിലുണ്ടായിരുന്നു പൊലീസുകാർ മർദിച്ചത്. ഉസ്മാന്റെ ബൈക്ക് പൊലീസ് വാഹനത്തിൽ ഇടിച്ചതിനെ തുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.

വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. പോക്സോ കേസിൽ പ്രതികളായ രണ്ട് പേരുമായി തൃശൂർ ഭാഗത്ത് നിന്ന് സ്വകാര്യ വാഹനത്തിൽ പൊലീസുകാർ എടത്തലയിലേക്ക് വരികയായിരുന്നു.ആലുവ കുഞ്ചാട്ടുകരയിൽ വച്ച് പൊലീസ് സഞ്ചരിച്ച കാർ ഉസ്മാന്റെ ബൈക്കിൽ ഇടിച്ചു.

തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കത്തിലാവുകയും ഇത് മർദനത്തിൽ കലാശിക്കുകയും ചെയ്തു. അഞ്ച് പൊലീസുകാർ ചേർന്ന് ഉസ്മാനെ സംഭവ സ്ഥലത്ത് വച്ചും തുടർന്ന് എടത്തല സ്റ്റേഷനിലെത്തിച്ചും ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഇയാളുടെ താടിയെല്ലിന് ഉൾപ്പെടെ പരിക്കേറ്റു. തല പൊട്ടി ചോര വരുന്ന നിലയിലാണ് ഉസ്മാനെ സ്റ്റേഷനിൽ നിന്ന് ആലുവാ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തിൽ പ്രതിഷേധവുമായെത്തിയ  നാട്ടുകാർ ഒരു മണിക്കൂറോളം എടത്തല പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് സ്ഥലം എംഎൽഎ അൻവർ സാദത്ത് ഐജി വിജയ് സാക്കറേയുമായി ഫോണിൽ സംസാരിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന ഐജിയുടെ ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്.

 

 

click me!