
പമ്പ: സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു. ദര്‍ശനത്തിനെത്തിയ തങ്ങളെ നിര്‍ബന്ധിച്ച് പൊലീസ് തിരിച്ചിറക്കുകയായിരുന്നു. ഒപ്പമെത്തിയ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും ബിന്ദു വെളിപ്പെടുത്തി.
തങ്ങള്‍ക്ക് തിരിച്ച് പോകാന്‍ താത്പര്യമില്ല. ക്രമസമാധാന പ്രശ്നമുണ്ടെന്ന് അറിയിച്ചാണ് തിരിച്ചിറക്കിയത്. വീണ്ടും മലകയറ്റാമെന്ന് വാക്കും നല്‍കിയെന്നും ബിന്ദു പറഞ്ഞു. രാവിലെ ഏഴ് മണിയോടെയാണ് ബിന്ദു, കനകദുര്‍ഗ എന്നിങ്ങനെ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനത്തിനായി മല കയറാന്‍ എത്തിയത്.
പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു.
എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറ്റുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. ഇവരോടൊപ്പം മലകയറ്റം തുടങ്ങിയപ്പോള്‍ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായില്ല. 42ഉം 44ഉം വയസായിരുന്നു ഇവര്‍ക്ക്. ഗാര്‍ഡ് റൂം കടന്ന് പോയതിന് ശേഷമാണ് ശബരിമല സപെഷ്യല്‍ ഓഫീസര്‍ എത്തുന്നത്.
തുടര്‍ന്ന് ഇദ്ദേഹം സുരക്ഷ ഒരുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അപ്പാച്ചിമേട് ഭാഗത്ത് എത്തിയപ്പോഴാണ് ആദ്യം പ്രതിഷേധമുണ്ടായത്. വലിയ പ്രശ്നങ്ങള്‍ ഒന്നും അവിടെയുണ്ടായില്ല. പൊലീസ് സംഘം പമ്പയില്‍ നിന്നെത്തി പ്രതിഷേധക്കാരെ വകഞ്ഞ് മാറ്റി യുവതികളെ കവചമൊരുക്കി മുന്നോട്ട് കൊണ്ട് പോയി.
പിന്നീട് ഒറ്റപ്പെട്ടതും കൂട്ടവുമായ പ്രതിഷേധങ്ങള്‍ ഇവര്‍ക്കെതിരെയുണ്ടായി. ശരംകുത്തി ഭാഗത്തും പ്രതിഷേധമുണ്ടായപ്പോഴും പൊലീസ് കൃത്യമായി ഇടപ്പെട്ടു. തുടര്‍ന്ന് ചന്ദ്രാനന്ദന്‍ റോഡിലേക്ക് പോയ സംഘത്തിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഉണ്ടായത്.
പൊലീസ് ഇടപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ പിന്മാറാന്‍ തയാറായില്ല. എന്ത് വന്നാലും പിന്മാറില്ലെന്നാണ് ഇവിടെയും യുവതികള്‍ പറഞ്ഞത്. ഇതിനിടെ കടകംപള്ളി സുരേന്ദ്രനടക്കമുള്ള മന്ത്രിമാരുടെ പ്രതികരണങ്ങള്‍ വന്നു. ഇതോടെ പൊലീസ് വ്യക്തമായ നിര്‍ദേശം ലഭിക്കാന്‍ കാത്ത് നിന്നു. അല്‍പം കഴിഞ്ഞതോടെ പൊലീസ് ഉദ്യോസ്ഥര്‍ ഇവിടെ ഇരുന്നാല്‍ ക്രമസമാധാന പ്രശ്മുണ്ടാകുമെന്നും താഴേക്ക് പോകണമെന്നും യുവതികളോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ പൊലീസ് അവരെ സ്ടെക്ച്ചറില്‍ താഴേക്ക് കൊണ്ടു വന്നു. എന്നാല്‍, ബിന്ദു താഴേക്ക് ഇറങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ക്രമസമാധാന പ്രശ്നം ആവര്‍ത്തിച്ച ശേഷം ബിന്ദുവിനോട് ഇറങ്ങാന്‍ പറയുകയായിരുന്നു.
താഴേക്ക് ഇറങ്ങുന്നതിനിടെയും ബിന്ദുവിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ വനം വകുപ്പിന്‍റെ വാഹനം എത്തിച്ച് ബിന്ദുവിനെ പമ്പയിലെത്തിച്ചു. എന്നാല്‍, പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബിന്ദു ഉന്നയിച്ചിരിക്കുന്നത്.
പൊലീസ് തിരിച്ചെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും ബിന്ദു ആവര്‍ത്തിച്ചു. ഇന്നലെയും ഇന്നുമായി നടന്ന നാടകീയ സംഭവങ്ങള്‍ പരിഗണിച്ച് ഹെെക്കോടതി നിയോഗിച്ച നിരീക്ഷ സമിതി സന്നിധാനത്തേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാത്രിയാണ് ഇവര്‍ സന്നിധാനത്ത് എത്തുക. ഇപ്പോഴത്തെ സംഭവങ്ങളെ കുറിച്ച് ഹെെക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam