യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി; തൊഴുത് മടങ്ങിയത് ബിന്ദുവും കനകദുര്‍ഗയും

Published : Jan 02, 2019, 09:01 AM ISTUpdated : Jan 10, 2019, 06:35 PM IST
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി; തൊഴുത് മടങ്ങിയത്  ബിന്ദുവും കനകദുര്‍ഗയും

Synopsis

നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്

ശബരിമല: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധം തുടരുന്നതിനിടെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങി. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. ഭക്തന്മാരില്‍ നിന്ന് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചുവെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിതീകരിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് ഇതേ കുറിച്ച് അറിഞ്ഞതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതീവ സുരക്ഷയിലാണ് യുവതികളെ ശബരിമലയില്‍ പൊലീസ് എത്തിച്ചതെന്നാണ് വിവരം. ഇന്നലെ മാധ്യമശ്രദ്ധ വനിതാ മതിലില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനിടെയില്‍ അതീവരഹസ്യമായാണ് യുവതികളെ പൊലീസ് ശബരിമലയില്‍ എത്തിച്ചത്. ഇന്നലെ രാത്രി മുതല്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്തുമെന്ന സുചനയുണ്ടായിരുന്നു. എന്നാല്‍ പമ്പയിലെ പൊലീസ് ഇത് നിഷേധിച്ചിരുന്നു. സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്നും പമ്പ പൊലീസ് അറിയിച്ചിരുന്നു. 

96000 പേരാണ് ഇന്നലെ മാത്രം ശബരിദര്‍ശനം നടത്തിയതെന്നാണ് ഔദ്ധ്യോഗിക കണക്ക്. വിഐപികള്‍ക്ക് മാത്രം ഉപയോഗിക്കുന്ന വഴിയിലൂടെ അതീവ രഹസ്യമായിട്ടാണ് പൊലീസ് യുവതികളെ പമ്പയിലെത്തിച്ചത്. ഇവിടെ നിന്ന് യുവതികളെ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ രഹസ്യമായിട്ടാണ് സന്നിധാനത്തെത്തിച്ചത്. 

കനകദുര്‍ഗയെ കുറിച്ച് വിവരമൊന്നുമില്ലെന്നും മാധ്യമങ്ങളിലൂടെയുള്ള വാര്‍ത്തമാത്രമേ അറിയൂവെന്ന് കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭരതന്‍ പറഞ്ഞു. സപ്ലേകോ ജീവനക്കാരിയായ സഹോദരി മീറ്റിങ്ങിനെന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിന് ശേഷം മാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിയുന്നതെന്നും ഭരതന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ്  ദര്‍ശനത്തിനെത്തിയത്. എന്നാല്‍ അന്ന് അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തിരിച്ചിറങ്ങേണ്ടി വന്നു. പിന്നീട് ഇരുവരും പൊലീസ് സംരക്ഷണയിലായിരുന്നു. ബിന്ദുവിനെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സഹോദരന്‍ പരാതി കൊടുത്തിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സേന