
ആലപ്പുഴ: ചേര്‍ത്തലയിലെ ബിന്ദു തിരോധാനക്കേസിൽ പൊലീസിനെ വട്ടംകറക്കി മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന സെബാസ്റ്റ്യന്‍. കഴിഞ്ഞ ഓണത്തിന് ബിന്ദു തന്‍റെ വീട്ടില്‍ വന്നു എന്നാണ് സെബാസ്റ്റ്യന്‍ പൊലീസിനോട് ആവര്‍ത്തിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മനോജിന്‍റെ ആത്മഹത്യക്ക്പിന്നില്‍ സെബാസ്റ്റ്യനാണെന്ന് മനോജിന്‍റെ ഭാര്യ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.
ഇന്നലെ കസ്റ്റഡിയിലെടുത്ത സെബാസ്റ്റ്യനെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബിന്ദുവിനെ എന്ന് മുതല്‍ കാണാതായി എന്നും ബിന്ദു ജീവനോടെ ഉണ്ടോ എന്നുമാണ് പൊലീസിന് ആദ്യമറിയേണ്ടത്. ഇത് രണ്ടും വ്യക്തമായി അറിയാവുന്ന ആളാണ് സെബാസ്റ്റ്യനെന്ന് പൊലീസ് ഉറച്ചുവിശ്വസിക്കുന്നു. സെബാസ്റ്റ്യന്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത് അഭിഭാഷകര്‍ നിരന്തരം നല്‍കിയ പരിശീലനം കഴിഞ്ഞാണ്. ഇക്കഴിഞ്ഞ ഓണത്തിന് ബിന്ദു തന്‍റെ വീട്ടില്‍ വന്നിരുന്നു എന്ന് സെബാസ്റ്റ്യന്‍ ആവര്‍ത്തിക്കുന്നു.
പക്ഷേ ഇതില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടെന്ന വിശദീകരണമാണ് പൊലീസ് നല്‍കുന്നത്. സെബാസ്റ്റ്യന്‍ പറയുന്ന ഓരോ ആളുകളെയും അപ്പപ്പോള്‍ ആലപ്പുഴയിലെത്തിച്ച് മൊഴിയെടുക്കുന്നുണ്ട്. ഗള്‍ഫില്‍ വെച്ച് ബിന്ദു മരിച്ചുപോയെന്നാണ് ബിന്ദുവിന്‍റെ വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കുമ്പോള്‍ കൂട്ടുപ്രതി മിനിയോട് സെബാസ്റ്റ്യന്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സെബാസ്റ്റ്യന്‍ ഇപ്പോള്‍ മിണ്ടുന്നില്ല.
മരിക്കാത്ത ആളുടെ പവര്‍ ഓഫ് അറ്റോര്‍ണി എന്തിന് വ്യാജമായുണ്ടാക്കി ഭൂമി മറിച്ചു വിറ്റു എന്ന ചോദ്യത്തിനും മറുപടിയില്ല. സെബാസ്റ്റ്യന്‍ ഭൂമി മറിച്ചുവിറ്റ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ചേര്‍ത്തല തിരുനെല്ലൂര്‍ സ്വദേശി മനോജ് ആത്മഹത്യ ചെയ്തിരുന്നു. മനോജാണ് വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സെബാസ്റ്റ്യന്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. മനോജിന്‍റെ മരണത്തിന് പിന്നില്‍ സെബാസ്റ്റ്യന് പങ്കുണ്ടെന്ന് മനോജിന്‍റെ ഭാര്യ പറഞ്ഞു.
ബിന്ദുവിന്‍റെ സഹോദരന്‍ പ്രവീണിനോട് അടിയന്തരമായി നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സെബാസ്റ്റ്യന്‍ തുടര്‍ച്ചായായി കളവ് പറയുന്നതാണ് ഇപ്പോള്‍ പൊലീസിനെ കുഴക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam