നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്.

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ച് ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. 

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല 

കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചെങ്കിലും, ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാൽ, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഉയർന്ന കോടതിയിൽ ഇത് തെളിയിക്കാൻ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീൽ ഫയൽ ചെയ്യാനാണ് നിലവിലെ തീരുമാനം. 

എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. എന്നാൽ, ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ചേക്കും.