സനല്‍ കുമാര്‍ വധക്കേസ്; ബിനുവിന്‍റെ മൊഴി പുറത്ത്

By Web TeamFirst Published Nov 14, 2018, 8:53 AM IST
Highlights

ഒളിവിൽ പോകുന്നതിന് മുന്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. എന്നാല്‍ തുടർച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നാണ് ഒപ്പമുണ്ടായിരുന്ന ബിനുവിന്റെ മൊഴി.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന സനല്‍കുമാര്‍ കൊലപാതക കേസില്‍ കീഴടങ്ങിയ ബിനുവിന്‍റ മൊഴി പുറത്ത്. ഡിവൈഎസ്പി ഹരികുമാറിന്‍റെ ആത്മഹത്യയ്ക്ക് ശേഷമാണ് സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്യല്‍ നടന്നു.   

ഡിവൈഎസ്പി ഹരികുമാർ രക്ഷപ്പെട്ട ശേഷം ആദ്യമെത്തിയത് കല്ലന്പലത്തെ  വീട്ടിലാണെന്ന് ബിനു പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇരുവരും വീട്ടില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് ഒളിവിൽ പോവുകയായിരുന്നു. ഒരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധർമ്മസ്ഥല വരെ യാത്ര ചെയ്തു. 

ഒളിവിൽ പോകുന്നതിന് മുന്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. വാഹനാപകടമായതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്‍റെ ഉപദേശം. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെ നടത്തിയ തുടർച്ചയായ യാത്ര പ്രമേഹ രോഗി കൂടിയായ ഹരികുമാറിനെ അവശനാക്കിയെന്നാണ് ഒപ്പമുണ്ടായിരുന്ന ബിനുവിന്റെ മൊഴി. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഇരുവരും കേരളത്തിലേക്ക് തിരിച്ച് വരാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ഇരുവരും ചെങ്കോട്ട വഴി ആറ്റിങ്ങല്‍ കന്പലത്തെ ഹരികുമാറിന്‍റെ  വീട്ടിലെത്തി. ജാമ്യം ലഭിക്കുമെന്ന അഭിഭാഷകന്റെ ഉറപ്പ് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി ബിനു മൊഴി നല്‍കി. എന്നാല്‍ പിന്നീട് ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെ കീഴsങ്ങാൻ തീരുമാനിച്ചാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. നെയ്യാറ്റിൻകര സബ് ജയിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്ന് ഡിവൈഎസ്പി പലപ്പോഴും പറഞ്ഞിരുന്നതായും ബിനു മൊഴി നല്‍കി.
 

click me!