Latest Videos

മെഡിക്കല്‍ കോളേജില്‍ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ബയോഗ്യാസ് മാലിന്യ സംസ്‌കരണ പ്ലാന്റ്

By Web DeskFirst Published Oct 16, 2017, 5:43 PM IST
Highlights

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ ബയോഗ്യാസ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി പി ഐ പി എം എസ്. വിമന്‍സ് ഹോസ്റ്റല്‍, എസ്.എ.ടി ആശുപത്രി, യു.ജി. & പി.ജി. ലേഡീസ് ഹോസ്റ്റല്‍, എസ്.എസ്.ബി, ന്യൂ ഒ.പി.ഡി. ബ്ലോക്ക്, മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളേജിലെ വിവിധ ആശുപത്രികളിലും പരിസരത്തുമുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഈ പ്ലാന്റില്‍ നിക്ഷേപിച്ച് അതത് സ്ഥലങ്ങളിലെ ക്യാന്റീനുകളിലും മെസുകളിലും പാചക വാതകമായി ഇതുപയോഗിക്കുന്നു.

മാലിന്യ സംസ്‌കരണത്തിന് കേന്ദ്ര, കേരള സര്‍ക്കാരുകളുടെ അംഗീകാരമുള്ള പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്‍ററാണ് (ഐ.ആര്‍.ടി.സി.) ഈ ബയോ ഗ്യാസ് പ്ലാന്റുകളുടെ നിര്‍മ്മാണവും 3 വര്‍ഷത്തെ അറ്റകുറ്റപണികളും നടത്തുന്നത്.

ഇതിന്റെ പ്രാരംഭഘട്ടമായി പ്രിയദര്‍ശിനി ഹോസ്റ്റലില്‍ സ്ഥാപിച്ച ആദ്യത്തെ ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് പി.ജി. ഹോസ്റ്റല്‍ മുതല്‍ പ്രിയദര്‍ശിനി ഹോസ്റ്റല്‍ വരെയുള്ള മാലിന്യങ്ങളാണ് ഈ പ്ലാന്റ് വഴി സംസ്‌കരിച്ച് ബയോ ഗ്യാസാക്കി ഉപയോഗിക്കുന്നത്. പി.ഐ.പി.എം.എസ്. ഡയറക്ടര്‍ ഡോ. ബീന പോള്‍, ബയോഗ്യാസ് നോഡല്‍ ഓഫീസര്‍ ഡി. മധുസൂദനന്‍, വാര്‍ഡന്‍മാര്‍, ഐ.ആര്‍.ടി.സി. ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

click me!