വന്യജീവികളുടെ ജീവനു ഭീഷണിയാവുന്നു; ശബരിമലയിൽ ബിസ്കറ്റിനു നിരോധനം

By Web TeamFirst Published Dec 6, 2018, 9:21 AM IST
Highlights

ശബരിമലയില്‍ എത്തുന്നവര്‍ പലയിടങ്ങളിലായി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ വന്യജീവികള്‍ ഭക്ഷണമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പ്ലാസ്റ്റിക് നിയന്ത്രണ നടപടികള്‍ ശക്തമാക്കി വനംവകുപ്പ്.

ശബരിമല: ശബരിമലയില്‍ എത്തുന്നവര്‍ പലയിടങ്ങളിലായി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ വന്യജീവികള്‍ ഭക്ഷണമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പ്ലാസ്റ്റിക് നിയന്ത്രണ നടപടികള്‍ ശക്തമാക്കി വനംവകുപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കടകളിൽ ബിസ്കറ്റ് വിൽക്കുന്നതു വനം വന്യജീവി വകുപ്പ് നിരോധിച്ചു. പ്ലാസ്റ്റിക് കവറുകളില്‍ പായ്ക്ക് ചെയ്ത് വരുന്നതാണ് ബിസ്കറ്റ് നിരോധനത്തിന് പിന്നില്‍. പ്ലാസ്റ്റിക് ചേരുവയോടു കൂടിയ കവറുകളിൽ പായ്ക്കു ചെയ്തുവരുന്ന ശീതളപാനീയങ്ങൾ, പേസ്റ്റ്, വെളിച്ചെണ്ണ എന്നിവയുടെ വിൽപനയും തടഞ്ഞു.

പലയിടങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരില്‍ ഏറിയ പങ്കിനും തീരുമാനം ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ലഘുഭക്ഷണമായി തീര്‍ത്ഥാടകരില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത് ബിസ്ക്റ്റ് ആണെന്നിരിക്കെ ബദല്‍ സംവിധാനങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെയാണ് വനംവകുപ്പിന്റെ നിരോധനം. നേരത്തെ കടകളിലെ കുപ്പിവെളഅള വില്‍പനയും ഇതു പോലെ തടഞ്ഞത് ഏറെ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു കുപ്പിവെള്ളത്തിന് നിരോധനം വന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ദേവസ്വം ബോർഡും ജല അതോറിറ്റിയും കുടിവെള്ളത്തിനായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയായിരുന്നു. 

യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളില്‍ കടകള്‍ പലതും ലേലത്തില്‍  പോയിരുന്നു.  കടകള്‍ ലേലത്തില്‍ പിടിച്ച പലരും നഷ്ടം നേരിട്ടതിനാല്‍ കട ഉപേക്ഷിക്കാനും ഒരുങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസ്കറ്റിന് നിരോധനം. ലേലം  ചെയ്യുന്ന സമയത്ത് ഇല്ലാത്ത നിയന്ത്രണങ്ങള്‍ പിന്നീട് കൊണ്ടു വരുന്നത് തീര്‍ത്ഥാടകരെയും കച്ചവടക്കാരെയും ഒരേപോലെ വലയ്ക്കുകയാണ്. എന്നാല്‍ വനംവകുപ്പിന്റെ നടപടിയോട് യോജിപ്പില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. 

click me!