കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ കത്തോലിക്ക ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ നീക്കം

By Web DeskFirst Published Jul 11, 2018, 9:20 AM IST
Highlights
  • ജലന്ധർ ബിഷപ്പിനെതിരെ കുരുക്ക് മുറുകുന്നു
  • അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ
  • ബിഷപ് രാജ്യം വിടാതിരിക്കാൻ മുൻകരുതൽ
  • കന്യാസ്ത്രീയെ വത്തിക്കാനും അവഗണിച്ചു
  • ജലന്ധർ രൂപത പ്രതിരോധത്തിൽ

കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യാൻ നടപടി തുടങ്ങി. ബിഷപ്പ് രാജ്യം വിടാതിരിക്കാൻ വ്യോമയാന മന്ത്രാലയത്തിന് ആഭ്യന്തര വകുപ്പ് കത്ത് നൽകി. ബിഷപ്പിനെതിരായ പരാതി വത്തിക്കാനും അവഗണിച്ചതോടെയാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചതെന്നും വ്യക്തമായി.

കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകർപ്പ് കിട്ടിയതോടെയാണ് ബിഷപ്പിനെ പിടികൂടാനുളള നീക്കങ്ങൾ സംസ്ഥാന പൊലീസ് തുടങ്ങിയിരിക്കുന്നത്. ജലന്ധറിലെത്തി ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് ഉൾപ്പെടെയുളള നടപടികളുണ്ടാകുക. അതിനുംമുന്പേ തന്നെ ബിഷപ് രാജ്യം വിടുമെന്ന സംശയത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകിയത്. ബിഷപ് വത്തിക്കാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും മുൻകരുതൽ വേണമെന്നുമാണ് അന്വേഷണസംഘം കോട്ടയം എസ്പിക്ക് നൽകിയ റിപ്പോർട്ടിലുളളത്. 

ബിഷപ്പിന്‍റെ പീഡനം സംബന്ധിച്ച് മാ‍ർപ്പാപ്പക്കടക്കം പരാതി നൽകിയിട്ടും ഒന്നും സംഭവിക്കാത്തതിനാലാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചതെന്ന് വ്യക്തമായി. വത്തിക്കാൻ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞ ജൂൺ 22ന് കന്യാസ്ത്രീ വത്തിക്കാൻ കാര്യാലയത്തിന് നൽകിയ കത്തിന്‍റെ പകർപ്പാണ് പുറത്തുവന്നത്. പരാതി നൽകിയതിന്‍റെ പേരിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ തന്‍റെ കുടുംബത്തെ അടക്കം വേട്ടയാടുകയാണെന്നും നടപടിയെടുത്തില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നുമാണ് കത്തിലുളളത്. കന്യാസ്ത്രീ സഭാ നടപടികളോട് സഹകരിക്കുന്നില്ലെന്ന രൂപതയുടെ ആരോപണവും ശരിയല്ലെന്നും തെളിഞ്ഞു. 

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ എപ്പോൾവേണമെങ്കിലും ജലന്ദറിലെത്തി വിശദീകരണത്തിന് തയാറാണെന്നറിയിച്ച് കന്യാസ്ത്രീ മദർ സുപ്പീരിയറിന് നേരത്തെ നൽകിയ കത്തും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതിനിടെ ബിഷപ്പിന്‍റെ പീഡനത്തിനും ഭീഷണിയിലും മനം നൊന്ത് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നെന്നും വ്യക്തമായി. 

2017 മേയിൽ കന്യാസ്ത്രീ സന്യാസിനി സമൂഹത്തിൽ നിന്ന് രാജിവെച്ച കത്തിന്‍റെ പകർപ്പും പുറത്തുവന്നു. കഴി‌ഞ്ഞവർഷം സഭയക്ക് നൽകിയ രാജിക്കത്തും പുറത്തുവന്നു. സഭാ സമ്മ‍ദ്ദത്തെത്തുടർന്ന് രാജി പിന്നീട് പിൻവലിക്കുകയായിരുന്നു. 

click me!