
കോട്ടയം: ശബരിമല പ്രശ്നത്തിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രത്യേകിച്ച് ഇത് തെരഞ്ഞെടുപ്പ് കാലം കൂടിയാണ്. ശബരിമല പ്രശ്നത്തിൽ ബിജെപി ഉണ്ടാക്കിയ നേട്ടം ലോകസഭാ തെരഞ്ഞെടുപ്പ് വരെ അവര്‍ക്ക് തുടരാനാകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് പറഞ്ഞു.
ആത്മീയതയുടെ മറവിൽ നിന്ന് എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്. അയ്യപ്പനെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ശ്രീധരൻ പിള്ള തന്നെ സമ്മതിച്ചിട്ടുണ്ട്. അയ്യപ്പ സംഗമ വേദിയില്‍ എന്‍എസ്എസിന്റെ നിലപാടുകള്‍ക്ക് വലിയ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
വീണുകിട്ടിയ അവസരങ്ങൾ എല്ലാം പ്രയോജനപ്പെടുത്താൻ രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ പോകുമെന്നും അയ്യപ്പ സംഗമം ഒരു കൂട്ടം സവര്‍ണരുടെ സംഗമം മാത്രമായിരുന്നെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിൽ വൻ വിജയമായിരുന്നു. പക്ഷേ തൊട്ടടുത്ത ദിവസം സ്ത്രീകളെ കയറ്റിയതോടെ അത് കെണിയായി മാറി. ശബരിമലയിൽ കയറിയ സ്ത്രീകളുടെ പട്ടിക സുപ്രീംകോടതിയിൽ സമര്‍പ്പിച്ചപ്പോഴും സര്‍ക്കാറിന് ഗുരുതരമായ തെറ്റ് പറ്റി. ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സംഭവിച്ചത് വലിയ വീഴ്ചയാണ്. ഇത്തരം കാര്യങ്ങളിൽ ഉപദേശം സ്വീകരിക്കുന്നതിന് മുമ്പ് പത്തുവട്ടം ആലോചിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന് പ്രഖ്യാപിച്ച് സര്‍ക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ വെള്ളാപ്പള്ളി നടേശന്റെ പങ്കാളിത്തം വലിയ വാര്‍ത്തയായിരുന്നു. വനിതാ മതിലിന് പിന്തുണ നൽകുമ്പോഴും ശബരിമലയിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ നിലപാട്. വനിതാ മതിൽ നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരാണ്. അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ലെന്ന് വെള്ളാപ്പള്ളി നേരത്തെ വിശദമാക്കിയിരുന്നു. എന്നാല്‍ വനിതാ മതിലിന് പുറകേ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെ വെള്ളാപ്പള്ളി തള്ളി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam