
ഗുജറാത്ത്: ഗുജറാത്തിൽ യുവനേതാക്കളിൽ നിന്ന് വെല്ലുവിളി നേരിടുന്ന ബിജെപി നരേന്ദ്രമോദിയുടെ ജനപ്രീതി പ്രയോജനപ്പെടുത്തുക എന്ന ഒറ്റ തന്ത്രത്തിലേക്ക് വഴിമാറുന്നു. പ്രാദേശിക നേതാക്കൾക്കെതിരെ ജനരോഷം ഉണ്ടെങ്കിലും അത് മോദിയോട് ഇല്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം. മോദിക്കെതിരെ അപ്രീതിയില്ലെന്നും മോദിക്ക് ഇപ്പോഴും പിന്തുണയുണ്ടെന്നും നേതാക്കള്‍ പറയുന്നു എന്നാൽ പ്രാദേശിക നേതൃത്വത്തോട് ജനങ്ങൾക്ക് എതിർപ്പാണെന്ന സത്യം അവര്‍ അംഗീകരിക്കുന്നുണ്ട്.
ആദ്യ വോട്ടെടുപ്പിൻറെ പ്രചരണത്തിന് ഇനി അഞ്ചു ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത്. കോൺഗ്രസ് മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നെങ്കിലും സംഘടനാ ശേഷിയിൽ ഇപ്പോഴും ദൗർബല്യം പ്രകടമാണ്. ജാതി അടിസ്ഥാനത്തിൽ ജനമുന്നേറ്റത്തിന് ശ്രമിക്കുന്ന ഹാർദിക് പട്ടേലും ജിഗ്നേഷ് മെവാനിയും അൽപേഷ് താക്കൂറും എന്ത് തരംഗമുണ്ടാക്കുമെന്ന് പ്രവചിക്കാൻ മുൻ അനുഭവം ഇല്ല. ഇവർ എന്തു പ്രത്യാഘാതം ഉണ്ടാക്കും എന്ന കാര്യത്തിൽ ബിജെപിയിലും ആശങ്ക പ്രകടമാണ്. അമിത്ഷായുടെ ബൂത്തുതല തന്ത്രവും എതിരാളികളുടെ സിഡി പുറത്തിറക്കുന്നതുൾപ്പടെയുള്ള കളികളും പോര എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
മോദി തന്നെയാണ് ഗുജറാത്തിൽ ഇപ്പോഴും ഏറ്റവും ജനപ്രീതിയുള്ള നേതാവ്. മോദിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് ബിജെപി വാർറൂം താഴെതട്ടിൽ നല്കിയിരിക്കുന്ന നിർദ്ദേശം. മുഖ്യമന്ത്രി വിജയ് രൂപാണിയെ നോക്കി വോട്ടു ചെയ്യണ്ട എന്നാണ് ബിജെപി ഇപ്പോൾ അനൗദ്യോഗികമായി നല്കുന്ന സന്ദേശം. തെരഞ്ഞെടുപ്പിന് ശേഷം ആരെ വേണമെങ്കിലും മുഖ്യമന്ത്രിയാക്കാം എന്ന പ്രചരണവുമുണ്ട്. മോദിക്കാണ് വോട്ട് എന്ന് അണികളോടും പട്ടേൽ ഒബിസി വിഭാഗങ്ങളോടും വിളിച്ചുപറയാനാണ് ഈ തന്ത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam