ഭയപ്പെടുത്തി അനുസരിപ്പിച്ചായിരുന്നു മോദിയുടെ ഗുജറാത്ത് ഭരണം: സഞ്ജീവ് ഭട്ട്

By Web DeskFirst Published Dec 2, 2017, 7:53 AM IST
Highlights

ഗുജറാത്ത്: ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അനുസരിപ്പിച്ചാണ് മോദി ഗുജറാത്ത് ഭരിച്ചതെന്ന് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിലടക്കം ആരോപണ വിധേയവരായവർക്ക് ഉന്നതസ്ഥാനങ്ങൾ നൽകിയെന്നാണ് ആരോപണം. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയ സാധ്യതയുണ്ടെന്നും സഞ്ജിവ് ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗുജറാത്ത് മോഡൽ അസഹിഷ്ണുതയുടെതാണെന്നും എതിർക്കുന്നവരെ ശിക്ഷിക്കുന്നതാണ് ഗുജറാത്തില്‍ കാണാന്‍ സാധിക്കുക. അനുകൂലിക്കുന്നവർ വ്യാജ ഏറ്റുമുട്ടൽ കേസ് പ്രതികളാണെങ്കിൽപോലും സംരക്ഷിക്കുമെന്നും മോദി ആളുകളെ മയക്കി നിർത്തുകയാണെന്നും സഞ്ജീവ് ഭട്ട് ആരോപിക്കുന്നു. ഗുജറാത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വാതന്ത്യത്തോടെ ജോലിചെയ്യാൻ സാധിക്കില്ലെന്ന് സഞ്ജീവ് ഭട്ട് പറയുന്നു. മോദി ഒരു മാജിക്കുകാരനാണെന്നാണ് സഞ്ജീവ് ഭട്ട് വിലയിരുത്തുന്നത്.

2002 ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. കലാപസമയത്ത് ഹിന്ദുക്കളെ, അവരുടെ വിദ്വേഷം പ്രകടിപ്പിക്കുന്നതിൽനിന്ന് വിലക്കേണ്ടെന്ന് താനുൾപെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി പറഞ്ഞെന്നാണ് ഭട്ട് കോടതിയിൽ വ്യക്തമാക്കിയത്. മോദിക്കെതിരെ ശക്തമായ നിലപാടെടുത്ത ഭട്ടിനെ അനുമതിയില്ലാതെ അവധിയെടുത്തെന്ന് കാട്ടി 2015ൽ സർവ്വീസിൽനിന്നും പിരിച്ചുവിടുകയായിരുന്നു. 


 

click me!