Latest Videos

ഉജ്ജയിനി കുംഭമേളയില്‍ മുങ്ങിക്കുളിക്കാന്‍ അമിത് ഷാ ദളിത് സന്യാസിമാരെ മാത്രം തെരഞ്ഞെടുത്തതു വിവാദമാകുന്നു

By Asianet NewsFirst Published May 12, 2016, 1:21 AM IST
Highlights

ഉജ്ജയിനി: ഉജ്ജയിനിയിലെ കുംഭമേളയില്‍ മുങ്ങിക്കുളിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ദളിത് സന്യാസിമാരെ മാത്രം തെരഞ്ഞെടുത്തതു വിവാദമാകുന്നു. സന്യാസികള്‍ക്കു ജാതിയില്ലെന്നും ഇത്തരം വേര്‍തിരിവുകള്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി പല ഹൈന്ദവ സംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തി.

മധ്യപ്രദേശിലെ ഉജ്ജയിനിലെ കുംഭമേളയില്‍ സാമൂഹ്യ ഐക്യ സ്‌നാനം എന്നു പേരിട്ട പരിപാടിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് വിനയ് സഹസ്രാബ്ദെ തുടങ്ങിയവരാണു പങ്കെടുത്തത്. വാല്‍മീകി ഘട്ടില്‍ മുങ്ങിക്കുളിക്കുന്ന ചടങ്ങില്‍ ബിജെപി നേതാക്കളോടൊപ്പം പങ്കെടുക്കാന്‍ ദളിത് സന്യാസിമാരെ മാത്രമാണ് തെരഞ്ഞെടുത്തത്.

സന്യാസിമാരെ ജാതി തിരിച്ചു കാണുന്നതിനെ വിമര്‍ശിച്ച് വിവിധ സാമുദായിക സംഘടനകള്‍ രംഗത്തെത്തി. സന്യാസികള്‍ക്ക് ജാതിയില്ലെന്നും ഇത്തരം വേര്‍തിരിവുകള്‍ നല്ല കീഴ്വഴക്കമല്ലെന്നും അഖില ഭാരതീയ അഘാര പരിഷത് പ്രസിഡണ്ട് നരേന്ദ്ര ഗിരി വിമര്‍ശിച്ചു.

സാമൂഹ്യ ഐക്യ സ്‌നാനമെന്ന പരിപാടി ഇപ്പോഴും കുംഭമേളയില്‍ ദളിതര്‍ക്ക് വിവേചനമുണ്ടെന്ന സന്ദേശമാണ് നല്‍കുകയെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ഭാരതീയ കിസാന്‍ സംഘിന്റെ ഉപാധ്യക്ഷനുമായ പ്രഭാകര്‍ ഖേര്‍ക്കര്‍ പറഞ്ഞിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണം സംബന്ധിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം തിരിച്ചടിയായതിനെത്തുടര്‍ന്നു ദളിതരെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണു ബിജെപിയുടെ പുതിയ നീക്കമെന്നാണു വിലയിരുത്തപ്പെടുന്നത്.

click me!