2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനി ആയിരുന്ന ഷഹ്ന ആത്മഹത്യ ചെയ്തത്. ഉയർന്ന അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചായിരുന്നു ആത്മഹത്യ.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ആയിരുന്ന ഡോക്ടർ എ.ജെ. ഷഹ്നയുടെ ആത്മഹത്യ. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എം. സലാഹുദ്ദീനെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. മുൻ അഡീഷണൽ ഗവൺമെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമാണ് എം. സലാഹുദ്ദീൻ. മലയിൻകീഴ് ഇരട്ട കൊലക്കേസിലെ പ്രത്യേക പ്രോസിക്യൂട്ടറായ സലാഹുദ്ദീൻ അമ്പലമുക്ക് വിനീത കൊലക്കേസിലും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.

2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനി ആയിരുന്ന ഷഹ്ന ആത്മഹത്യ ചെയ്തത്. ഉയർന്ന അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചായിരുന്നു ആത്മഹത്യ. മെഡിക്കൽ കോളജിനടുത്ത് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് ഷഹ്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനം നൽകാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഷഹ്നയുടെ സുഹൃത്തായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡോ. ഇ.എ. റുവൈസിനെ മെഡിക്കൽ കോളേജി പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും റുവൈസിന്‍റെ വീട്ടുകാർ സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതോടെ വിവാഹം മുടങ്ങി. പിന്നാലെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ചും റുവൈസ് സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് ഷഹ്നയെ പരിഹസിച്ചിരുന്നു. ഈ പരിഹാസമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. കേസിൽ പ്രതിചേർക്കപ്പെട്ട റുവൈസിനെ മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന പ്രതിക്ക് ഹൈക്കോടതിയാണ് പിന്നീട് ജാമ്യം അനുവധിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)