
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം ഇന്നോ നാളെയോ അവസാനിപ്പിച്ചേക്കും. അതിനിടെ ആചാര സംരക്ഷണം ആവശ്യപ്പെട്ട് എൻഡിഎ നേതാക്കൾ ഇന്ന് ഗവർണറെ കാണും.
ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമല യിൽ നിന്നും സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയപ്പോൾ തന്നെ വിവാദമായിരുന്നു. തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന പരാതി പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു.അതിനിടെ സമരത്തിന്‍റെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിന്നും സമരം തുടരുന്നതിനിടെ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതും തിരിച്ചടിയായി.എഎൻ രാധാകൃഷ്ണൻ സികെ പത്മനാഭൻ ശോഭ സുരേന്ദ്രൻ തുടങ്ങി ഇപ്പോൾ പി കെ കൃഷ്ണദാസിൽ നിരാഹാര സമരം എത്തിനിൽക്കുന്നു.
റിവ്യൂ ഹർജി പരിഗണിക്കുന്നത് ഇനിയും വൈകുമെന്നതിനാൽ ഇന്ന് വൈകിട്ടോ അല്ലെങ്കിൽ നാളെ രാവിലയോ സമരം അവസാനിപ്പിക്കാനാണ് ആലോചന.ഇന്ന് ചേരുന്ന നേതൃയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിർത്തിയാലും ശബരിമല പ്രശ്നം സജീവമാക്കി നിലനിർത്താൻ പ്രചാരണ പരിപാടികൾക്കും രൂപം നൽകും.
നാളെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.അതിനിടെ ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ നേതാക്കൾ ഇന്ന് ഗവർണറെ കാണും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam