ശബരിമല: സ്ഥിതിഗതികള്‍ പഠിക്കാന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സമിതി കൊച്ചിയിലെത്തി

By Web TeamFirst Published Dec 1, 2018, 11:49 PM IST
Highlights

ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച നാലംഗ സമിതി കൊച്ചിയിലെത്തി. പ്രഹ്ലാദ് ജോഷി, വിനോദ് ശങ്കര്‍, നളിന്‍ കുമാര്‍ കട്ടീല്‍, സരോജ് പാണ്ഡെ എന്നീ എം.പിമാരാണ് സമിതി അംഗങ്ങള്‍.

കൊച്ചി: ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിച്ച്  റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച നാലംഗ സമിതി കൊച്ചിയിലെത്തി. ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെ, എം.പി. മാരായ പ്രഹ്ലാദ് ജോഷി, വിനോദ് സോംകാർ, നളിൻ കുമാർ കട്ടീൽ എന്നിവരാണ് സമിതി അംഗങ്ങൾ. 

സംഘം രാവിലെ ബിജെപി കോർ കമ്മറ്റി അംഗങ്ങൾ, ശബരിമല കർമ്മ സമിതി എന്നിവരുമായി ചർച്ച നടത്തും.  തുടർന്ന് ഉച്ചക്കു ശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തും.  തുടർന്ന് പന്തളത്തേക്ക് തിരിക്കും. ശബരിമല തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരെയും കാണും. പ്രക്ഷോഭത്തിനിടെ ഭക്തർക്കുനേരേ നടന്ന അതിക്രമങ്ങളും പ്രവർത്തകർക്ക് നേരേയുണ്ടായ അറസ്റ്റും അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.  പൊതുജനങ്ങൾ, ഭക്തർ, പാർട്ടി പ്രവർത്തകർ എന്നിവരിൽനിന്നു തെളിവെടുക്കും. 

ശബരിമലയില്‍ നടക്കുന്ന സമരങ്ങളെക്കുറിച്ചും സമരക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും സമിതി പഠിക്കുമെന്ന് ബി ജെ പി വ്യക്തമാക്കിയിരുന്നു. വിഷയം പഠിച്ച ശേഷം  15 ദിവസത്തിനകം അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. 
 

click me!