കൂട്ട അറസ്റ്റിൽ ജുഡീഷ്യൽ അന്വേഷണം വേണം; ഇത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കം: ശ്രീധരൻ പിള്ള

By Web TeamFirst Published Nov 19, 2018, 9:35 AM IST
Highlights

സർക്കാരിന് കൂട്ടു നിൽക്കുന്ന പൊലീസ് ഓഫീസർമാർക്ക് എണ്ണിയെണ്ണി കോടതിയിൽ വരേണ്ടി വരുമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള.

പത്തനംതിട്ട: ശബരിമലയിൽ ഇന്നലെ രാത്രിയുണ്ടായ കൂട്ട അറസ്റ്റ് ന്യായീകരിക്കാനാവാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. നിരോധനാജ്ഞ ലംഘിച്ചതിന്‍റെ പേരിൽ മാത്രം സന്നിധാനത്ത് നിന്ന് അയ്യപ്പഭക്തരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വ്യവസ്ഥപ്രകാരം കേസെടുക്കുകയും ചെയ്യുന്നത് അന്യായമാണ്. 144 ലംഘിച്ചാൽ പെറ്റിക്കേസെടുക്കുന്നതിന് പകരം പൊലീസ് രാജ് നടപ്പാക്കുകയാണ് ഇടത് സർക്കാരെന്നും ശ്രീധരൻ പിള്ള  ആരോപിച്ചു. 

'ഐപിഎസ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണ്. പേരക്കുട്ടികൾക്ക് ചോറ് കൊടുക്കാൻ പോയ കെ.പി.ശശികലയെ എസ്പി യതീഷ് ചന്ദ്രയ്ക്ക് വഴിയിൽ തടയേണ്ട കാര്യമെന്തായിരുന്നു? പൊലീസിന്‍റെ കൈയിൽ നിന്ന് അയ്യപ്പഭക്തർക്ക് നീതി കിട്ടുന്നില്ലെന്നതിന്‍റെ തെളിവാണിത്. മനുഷ്യാവകാശങ്ങളുടെ പ്രേതഭൂമിയായി കേരളം മാറുകയാണ്.', ശ്രീധരൻ പിള്ള പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാർക്ക് മജിസ്ട്രേറ്റുമാരുടെ അടുത്തു നിന്ന് പോലും നീതി കിട്ടുന്നില്ല. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ പിണറായിയുടെ ചട്ടുകമായി മാറുകയാണ്. അതുകൊണ്ടാണ് കെ.സുരേന്ദ്രന് ജയിലിൽ പോകേണ്ടി വന്നത്. സന്നിധാനത്തെ ഈ നിയന്ത്രണങ്ങൾക്കും ഇന്നലത്തെ കൂട്ട അറസ്റ്റിനുമെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

click me!