പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള; നിരാഹാരസമരം ബിജെപി ഇന്ന് അവസാനിപ്പിക്കും

By Web TeamFirst Published Jan 19, 2019, 8:31 PM IST
Highlights

48 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരമാണ് ബിജെപി അവസാനിപ്പിക്കുമെന്നത്. ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ബിജെപി നടത്തി വന്ന നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. 48 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരമാണ് ബിജെപി അവസാനിപ്പിക്കുന്നത്.

ശബരിമല വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമലയിൽ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയപ്പോൾ തന്നെ വിവാദമായിരുന്നു.

തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന പരാതി പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നിരുന്നു.അതിനിടെ സമരത്തിന്‍റെ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിന്നും സമരം തുടരുന്നതിനിടെ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതും തിരിച്ചടിയായി.

എ എൻ രാധാകൃഷ്ണൻ, സി കെ പത്മനാഭൻ. ശോഭ സുരേന്ദ്രൻ തുടങ്ങി ഇപ്പോൾ പി കെ കൃഷ്ണദാസിൽ നിരാഹാര സമരം എത്തിനിൽക്കുകയാണ്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിർത്തിയാലും ശബരിമല പ്രശ്നം സജീവമാക്കി നിലനിർത്താൻ പ്രചാരണ പരിപാടികൾക്കും ബിജെപി രൂപം നൽകും. നാളെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തിൽ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.

click me!