
ഷില്ലോംഗ്: ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി സര്‍ക്കാരുകള്‍ വരുമെന്ന് കേന്ദ്ര അഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു. മേഘാലയയിലും ബിജെപിക്ക് അനുകൂലമായ തരംഗമായിരിക്കും ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അസമിലും അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങള്‍ക്കായി. ഇനി ഈ മൂന്ന് സംസ്ഥാനങ്ങളിലും രാഷ്ട്രീയമാറ്റം കൊണ്ടു വരാന്‍ ബിജെപിക്ക് സാധിക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതിന് പ്രധാനകാരണം ഇത്രകാലവും മേഖലയിലെ ജനങ്ങള്‍ നേരിട്ട അവഗണനയ്ക്കും പലതരം പ്രശ്‌നങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണാന്‍ ശ്രമിച്ചതു കൊണ്ടാണെന്ന് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ത്രിപുരയില്‍ മികച്ച വിജയം നേടാമെന്നാണ് താഴേത്തട്ടില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാഗാലാന്‍ഡില്‍ എന്‍ഡിപിയുമായി ചേര്‍ന്ന് മുന്നണിയായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഇവിടേയും മികച്ച വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് -കിരണ്‍ റിജിജു പറയുന്നു.
ബിജെപിയെ ക്രൈസ്തവ വിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രചരണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് മേഘാലയയില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെന്നും എന്നാല്‍ ഇതെല്ലാം മറികടന്ന് മേഘാലയയില്‍ പാര്‍ട്ടി മുന്നേറുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam