
കോഴിക്കോട്: യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും നിരാശാകാമുകന്മാരാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വിരലിലെണ്ണാവുന്ന വോട്ടുപോലുമില്ലെന്നറിയാവുന്നവരാണ് ഗുജറാത്തില്‍ ബിജെപി പരാജയപ്പെടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
രാഹുല്‍ ഗാന്ധിയുടെ പി.ആര്‍. ഗ്രൂപ്പ് പടച്ചുവിടുന്ന പ്രസ്താവനാ യുദ്ധം കണ്ട് കോള്‍മയിര്‍കൊള്ളുന്നവര്‍ ഫലം വരുമ്പോള്‍ നിരാശരാവേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറയുന്നു. വാഷിംഗ്ടണിലെ പരിശീലനക്യാമ്പുകളില്‍ നിന്നു നേടിയ ഗൃഹപാഠമല്ല ജനഹൃദയങ്ങളില്‍ ഇറങ്ങിച്ചെന്നാണ് മോദിയും അമിത് ഷായും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് താമസിയാതെ മാധ്യമങ്ങള്‍ക്ക് ബോധ്യമാകുമെന്നും അദ്ദേഹം പറയുന്നു. മോദിയുടെ നെഞ്ചത്തു ചാപ്പ കുത്തുകയാവില്ലെന്നും മോദിയുടെ ഹൃദയത്തില്‍ കയ്യൊപ്പു ചാര്‍ത്തുകയായിരിക്കും ജനങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. പതിവുപോലെ ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടാന്‍ പോകുന്നത് മാധ്യമങ്ങള്‍ തന്നെ ആയിരിക്കുമെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
കെ സുര്രേന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളും നിരീക്ഷകരുടെ വിലയിരുത്തലുകളും കാണുമ്പോള്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ ചര്‍ച്ചകളാണ് ഓര്‍മ്മയില്‍ വരുന്നത്. അന്ന് കേശുഭായ് പട്ടേലിനെക്കുറിച്ചായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തിരുന്നത്. ജനസംഖ്യയില്‍ ഏതാണ്ട് പതിനാറുശതമാനം വരുന്ന പട്ടേല്‍ വിഭാഗം പൂര്‍ണ്ണമായും മോദിയെ കൈവിടുമെന്നും ഗുജറാത്ത് മോദിയുടെ വാട്ടര്‍ലൂ ആകുമെന്നുമൊക്കെ നമ്മുടെ മാധ്യമസുഹൃത്തുക്കള്‍ പടച്ചുവിട്ടു. അവസാനം എന്തുണ്ടായി എല്ലാവരും മോദി കേശുഭായിക്കു മധുരം നല്‍കുന്ന ചിത്രം ഒന്നാം പേജില്‍ പങ്കുവെച്ച് നിര്‍വൃതി അടഞ്ഞു. ഇന്നിപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പി. ആര്‍. ഗ്രൂപ്പ് പടച്ചുവിടുന്ന പ്രസ്താവനാ യുദ്ധം കണ്ട് കോള്‍മയിര്‍കൊള്ളുന്നവര്‍ ഫലം വരുന്‌പോള്‍ നിരാശരാവേണ്ടി വരും.
അന്ന് പറയും വര്‍ഗ്ഗീയധ്രുവീകരണത്തിന്റെ വിജയമെന്ന്. ഇന്ന് പറയുന്നു പ്രബല ജാതി വിഭാഗം മോദിക്കെതിരെന്ന്. പിന്നെ യശ്വന്ത് സിന്‍ഹയെയും ശത്രുഘ്‌നന്‍സിന്‍ഹയെയും പോലുമുള്ള നിരാശാകാമുകന്മാര്‍ക്ക് ഗുജറാത്തില്‍ ഒരു കൈവിരലിലെണ്ണാവുന്ന വോട്ടുപോലുമില്ലെന്ന് അറിയാത്തവരല്ല ഈ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. വാഷിംഗ്ടണിലെ പരിശീലനക്യാമ്പുകളില്‍ നിന്നു നേടിയ ഗൃഹപാഠമല്ല ജനഹൃദയങ്ങളില്‍ ഇറങ്ങിച്ചെന്നാണ് മോദിയും അമിത് ഷായും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് താമസിയാതെ ഇക്കൂട്ടര്‍ക്കു ബോധ്യമാവും. തെരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ ഹാര്‍ദ്ദിക് പട്ടേലിനേയും ജിഗ്‌നേഷ് മേവാനിയേയും യുവരാജാവ് തന്നെ തള്ളിപ്പറയുമെന്നാണ് എനിക്കു തോന്നുന്നത്. മോദിയുടെ നെഞ്ചത്തു ചാപ്പ കുത്തുകയാവില്ല മോദിയുടെ ഹൃദയത്തില്‍ കയ്യൊപ്പു ചാര്‍ത്തുകയായിരിക്കും ജനങ്ങള്‍ ചെയ്യാന്‍ പോകുന്നത്. പതിവുപോലെ ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടാന്‍ പോകുന്നത് മാധ്യമങ്ങള്‍ തന്നെ ആയിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam