ശബരിമല: പൊലീസിനെ വെല്ലുവിളിച്ച് ശ്രീധരന്‍പിള്ളയടക്കമുള്ള ബിജെപി നേതാക്കള്‍; പാസില്ലാതെ പോകുമെന്ന് എ.എന്‍.രാധാകൃഷ്ണനും

By Web TeamFirst Published Nov 18, 2018, 5:51 PM IST
Highlights

മന്ത്രി അൽഫോൺസ് കണ്ണന്താനം ഒരു അനുമതിയും വാങ്ങാതെ നാളെ പമ്പയിലേക്ക് പോകുമെന്നും തടയാമെങ്കിൽ തടയട്ടെയെന്നും ശ്രീധരൻ പിള്ള വെല്ലുവിളിച്ചു. തീര്‍ത്ഥാടകർ പാസ് വാങ്ങാതെ പോകണമെന്നും ആഹ്വാനം.

പത്തനംതിട്ട: സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാക്കള്‍. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനുമാണ് പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. മന്ത്രി അൽഫോൺസ് കണ്ണന്താനം ഒരു അനുമതിയും വാങ്ങാതെ നാളെ പമ്പയിലേക്ക് പോകുമെന്നും തടയാമെങ്കിൽ തടയട്ടെയെന്നും ശ്രീധരൻ പിള്ള വെല്ലുവിളിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എം.എൽ.എമാർ എത്തും. അറസ്റ്റ് ചെയ്യുന്നവരെ അടയ്ക്കാന്‍ ജയിലുകൾ പോരാതെ വരും. ശബരിമലയിലേക്കുള്ള വഴി കാട്ടി തരാൻ പൊലീസുകാരന്റെ സഹായം വേണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ അകാരണമായി അറസ്റ്റ് ചെയ്യുന്നതിലും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ സർക്കാർ വീഴ്ചയിലും പ്രതിഷേധിച്ച് ബി.ജെ.പി പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന സായാഹ്ന ധർണയിലാണ് ശ്രീധരന്‍പിള്ള കേരളാ പൊലീസിനെതിരെ രംഗത്തെത്തിയത്. 

കേന്ദ്രത്തെ ശബരിമല വിഷയം ധരിപ്പിച്ചിട്ടുണ്ട്. സമരം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സർക്കാരിന് കഴിയില്ലെങ്കിൽ ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ബി ജെ.പി തയ്യാറാണെന്നും പൊലീസുകാരെ കൊണ്ട് ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള ശ്രമം നടക്കുകയാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. 

അതേസമയം നിരോധനാജ്ഞ നിലനില്‍ക്കുന്ന ശബരിമലയിലേക്ക് പാസ്സിലാതെ പോകുമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പൊലീസിനെ വെല്ലുവിളിച്ചു. തീര്‍ത്ഥാടകരാരും പാസ് വാങ്ങരുതെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് പാസ് വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ലംഘിക്കാനാണ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്. 

click me!