പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം: പ്രധാനമന്ത്രിയടക്കമുള്ള എംപിമാരുടെ ഉപവാസം തുടരുന്നു

By Web DeskFirst Published Apr 12, 2018, 1:19 PM IST
Highlights
  • പ്രതിപക്ഷത്തിനെതിരെ മോദിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഉപവാസം

ദില്ലി: പാര്‍ലമെന്‍റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി എംപിമാരുടെ ഉപവാസം തുടരുന്നു. തമിഴ്നാട് സന്ദർശനം ഉൾപ്പടെ ഔദ്യോഗിക പരിപാടികൾ മാറ്റിവയ്ക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ ഉപവാസം. ദില്ലിയിൽ ഉപവാസം നടക്കുന്നതിന് തൊട്ടടുത്തെ ഭക്ഷണശാലകൾ ബിജെപി നേതൃത്വത്തിൻറെ നിർദ്ദേശ പ്രകാരം പൂട്ടി. 

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നേതൃത്വം നൽകുന്ന ആദ്യ പ്രതിഷേധ പരിപാടിയായിരുന്നു ഇത്. പ്രതിപക്ഷ പ്രതിഷേധത്തിൽ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം പൂര്‍ണമായും തടസ്സപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. ബിജെപിയുടെ ലോക്സഭാ എംപിമാര്‍ സ്വന്തം മണ്ഡലങ്ങളിലും രാജ്യസഭാ എംപിമാർ സംസ്ഥാന കേന്ദ്രങ്ങളിലും ഉപവസിച്ചു.

കാഞ്ചീപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രദര്‍ശനോദ്ഘാടനം ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികൾ മുടക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപവസിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ഹുബ്ലിയിൽ കളക്ടറേറ്റിന് മുന്നിൽ ഒരു മണിക്കൂര്‍ ധര്‍ണ നടത്തിയായിരുന്നു അമിത് ഷായുടെ പ്രതിഷേധം. 

ദില്ലി കോണാട്ട്പ്ലേസിൽ ഹനുമാൻ മന്ദിറിന് മുന്നിലെ പ്രതിഷേധത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, മേനകാ ഗാന്ധി, ഉഭാഭാരതി, വിജയ് ഗോയൽ എന്നിവര്‍ പങ്കെടുത്തു. സംഘപരിവാര്‍ നേതാക്കളായ ശ്യാമപ്രസാദ് മുഖര്‍ജിയുടേയും ദീൻധയാൽ ഉപാധ്യയുടേയും ചിത്രത്തിനൊപ്പം ബിആർ അംബേദ്കറുടെ ചിത്രവും ഉപവാസ വേദിയിൽ ഇടം പിടിച്ചു. 

ഉപവസിക്കുന്നവർ സെൽഫിയെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നത് ബിജെപി വിലക്കിയിരുന്നു. പലയിടത്തും ഉവാസ വേദിക്കരികിലുള്ള ഭക്ഷണശാലകൾ പാര്‍ട്ടി നിര്‍ദ്ദേശാനുസരണം തുറന്നില്ല. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടന്നു. സുരേഷ് ഗോപിയുടേയും വി മുരളീധരന്‍റേയും നേതൃത്വത്തിലാണ് പ്രതിഷേധം. 


 

click me!