
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള യോഗം ഇന്ന് കൊച്ചിയിൽ ചേരും. സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ നടത്തുന്ന ചർച്ചക്ക് ശേഷമാകും തീരുമാനം. അപ്രതീക്ഷിതമായി കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ അധ്യക്ഷനു വേണ്ടി സംസ്ഥാന തലത്തിൽ ചർച്ചകൾ സജീവമായിരുന്നു.കെ സുരേന്ദ്രന്‍റെ പേരാണ് വി മുരളീധരൻ വിഭാഗം മുന്നോട്ട് വെച്ചത്. എം.ടി രമേശിന്‍റെയും, എ.എൻ. രാധാകൃഷ്ണന്‍റെയും പേരുകൾ പി.കെ കൃഷ്ണദാസ് പക്ഷവും ഉയർത്തുന്നു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യോഗം വൈകുന്നേരം വരെ നീളും. യോഗത്തിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, നവീൻ കട്ടീൽ എം.പി എന്നിവർ സംസ്ഥാന നേതാക്കളുമായി ഒറ്റക്കും, ഒരുമിച്ചും ചർച്ച നടത്തും. കോർ കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന ഭാരവാഹികൾ,പോഷക സംഘടന പ്രസിഡന്‍റുമാർ,ജില്ലാ അധ്യക്ഷൻമാർ എന്നിവരെയും കേന്ദ്ര നേതാക്കൾ കാണുന്നുണ്ട്. നേതാക്കൾ മുന്നോട്ട് വയ്ക്കുന്ന പേരുകളോട് ആർഎസ്എസ് നിലപാടാകും നിർണ്ണായകമാവുക.
ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കൾ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയേക്കുമെന്ന സൂചനകൾ നേരത്തെ ശക്തമായിരുന്നു. എന്നാൽ സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തിന് പ്രാമുഖ്യം ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ. നിലവിൽ ഇരു വിഭാഗവും മുന്നോട്ട് വയ്ക്കുന്ന പേരുകളോട് ആർഎസ്എസിന്‍റെ വിയോജിപ്പാണ് പ്രധാന പ്രശ്നം. എന്നാൽ ചർച്ചക്ക് ശേഷം സമവായത്തിലെത്താനുള്ള സാധ്യതയും തള്ളുന്നില്ല. തീരുമാനത്തിലെത്തുന്ന നേതാവിന്‍റെ പേര് അധ്യക്ഷ പദവിയിലേക്ക് ശുപാർശ ചെയ്ത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. യോഗത്തിന് ശേഷമോ നാളെയോ കേന്ദ്രത്തിൽ നിന്ന് പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam