ആദിത്യനാഥ് സര്‍ക്കാറിനെതിരെ ബിജെപി എംഎല്‍എയുടെ ധര്‍ണ

By Web DeskFirst Published May 11, 2017, 9:41 AM IST
Highlights

ഉത്തര്‍പ്രദേശ്:  യോഗി അദിത്യനാഥ് സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍എയുടെ ധര്‍ണ്ണ. ഖൊരക്പൂര്‍ എംഎല്‍എ ഡോ. രാധാ റാമാണ് മുഖ്യമന്ത്രിക്കെതിരെ ധര്‍ണ ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ അനധികൃത മദ്യഷോപ്പുകള്‍ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരം. 

സിറ്റി ടൗണ്‍ ഹാളിന് മുന്നിലാണ് രാധാ റാമിന്റെ ധര്‍ണ്ണ. യോഗി ആദിത്യനാഥിന്റെ അടുത്ത അനുയായിയാണ് ഡോ. രാധാ റാം. യോഗി ആദിത്യനാഥാണ് ഇദ്ദേഹത്തിന് സീറ്റ് നല്‍കിയത്. മദ്യഷോപ്പുകള്‍ അടച്ച് പൂട്ടണമെന്നും ജില്ലയില്‍ സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്തുള്ള മദ്യഷോപ്പുകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് താന്‍ പരാതി നല്‍കിയതാണെന്നുമാണ് എംഎല്‍എയുടെ അവകാശവാദം.

എന്നാല്‍ ഇതേ രാധാ റാം സ്‌കൂളിന് അടുത്തുള്ള മദ്യഷോപ്പ് അടച്ച് പൂട്ടാനുള്ള ജനകീയ പ്രക്ഷോഭത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രക്ഷോഭം തടയാനെത്തിയവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഐപിഎസ് ഓഫീസര്‍ ചാരു നിഗമിനെതിരെ എംഎല്‍എ തട്ടിക്കയറി. ശകാരം സഹിക്കാനാവാതെ ഐപിഎസ് ഉദ്യോഗസ്ഥ കരഞ്ഞത് വലിയ വിവാദമായിരുന്നു.

ഇതിനെ തുടര്‍ന്ന് യുപിയിലെ ഐപിഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എംഎല്‍ക്കെതിരെ പരാതി നല്‍കി. ഈ വിവാദങ്ങളില്‍ നിന്ന് തടയൂരാനാണ് രാധാ റാമിന്റെ ധര്‍ണ നാടകമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
 

click me!