കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട് നടൻ വിജയ്‍യെ സിബിഐ ദില്ലിയിൽ ചോദ്യം ചെയ്യുന്നു. വിജയ്‍യെ ദില്ലിയിലേക്ക് വിളിപ്പിച്ചത് ഭയപ്പെടുത്താനാണെന്ന് ഡിഎംകെ വിമർശിച്ചു. 

ചെന്നൈ: നടൻ വിജയ്‍യെ ദില്ലിയിൽ വിളിച്ച് ചോദ്യംചെയ്യുന്നതിൽ സംശയങ്ങൾ ഉന്നയിച്ച് ഡിഎംകെ. കരൂർ നടന്ന സംഭവത്തിൽ ദില്ലിയിൽ എന്ത് അന്വേഷണം എന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ചോദിച്ചു. ദില്ലിയിലേക്ക് വിളിച്ചുവരുത്തുന്നത് ഭയപ്പെടുത്താനാണ്. വിചാരണയും ഇനി ദില്ലിയിൽ നടക്കുമോയെന്നും ശരവണൻ ചോദിച്ചു. സിബിഐ നടപടികൾ അന്യായവും നിയമവിരുദ്ധവും ആണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. അതേസമയം, ചോദ്യം ചെയ്യലിനായി വിജയ് ഹാജരായിട്ടുണ്ട്. കരൂ റാലിയുടെ ആസൂത്രണം മുതൽ ദുരന്തം നടന്ന സമയം വരെയുള്ള കാര്യങ്ങളെക്കുറിച്ചാണ് സിബിഐ വിജയിയെ ചോദ്യം ചെയ്യുന്നത്,

റാലിയുടെ ആസൂത്രണം

റാലിയിൽ പങ്കെടുക്കാൻ എത്രപേർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു? സ്ഥലത്തെ പരിമിതികളെക്കുറിച്ച് വിജയിക്ക് അറിവുണ്ടായിരുന്നോ എന്നുള്ള ചോദ്യങ്ങൾക്ക് വിജയ് മറുപടി നൽകേണ്ടി വന്നേക്കാം. നിശ്ചയിച്ച സമയത്തേക്കാൾ വൈകി വിജയ് എത്തിയത് ജനക്കൂട്ടത്തെ കൂടുതൽ പ്രകോപിതരാക്കിയോ എന്നും ഇതിന്‍റെ കാരണമെന്താണെന്നും സിബിഐ ചോദിച്ചേക്കാം. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം ഇന്നലെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. അപകടത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടമായത്. പാർട്ടിയുടെ ആദ്യ വൻകിട സമ്മേളനത്തിൽ ഉണ്ടായ ഈ ആൾക്കൂട്ട ദുരന്തം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു. സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിബിഐ വൃത്തങ്ങൾ കരുതുന്നത്.