ഗുജറാത്തില്‍ നേതൃമാറ്റം; മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനെ നീക്കിയേക്കും

By Web DeskFirst Published May 16, 2016, 12:56 PM IST
Highlights

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ആനന്ദി ബെന്‍ പട്ടേലിനെ മാറ്റിയേക്കും.2017ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ആനന്ദി ബെന്‍ പട്ടേലിനെ മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണറാക്കി, ഗുജറാത്ത് മന്ത്രി സഭ പുനസംഘടിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നീക്കം തുടങ്ങിയതായാണ് സൂചന.ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി സംസ്ഥാന മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം നിതിന്‍ പട്ടേലിനാണ് സാദ്ധ്യത കല്‍പിക്കുന്നത്.
 
പട്ടേല്‍ സംവരണ സമരം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച്ചയില്‍ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.ഗുജറാത്തില്‍ ബിജെപിയുടെ പ്രധാന വോട്ട് ബാങ്കായ പട്ടേലുകള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനത്തില്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് ബിജെപിയുടെ ആഭ്യന്തര പഠനങ്ങളിലും തെളിയുന്നത്.ഇത് കൂടാതെ സര്‍ക്കാരും സംസ്ഥാന ബിജെപി ഘടകവും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയും പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയെങ്കിലും ആനന്ദി ബെന്‍ പട്ടേലിന് കീഴില്‍ 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടാല്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാകില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ഗുജറാത്ത് സാഹചര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഓം പ്രകാശ് മാഥുറും മന്ത്രിസഭാ പുനസംഘടന ഗുണം ചെയ്യുമെന്ന് നിര്‍ദ്ദേശം മോദിക്ക് നല്‍കിയതായാണ് സൂചന. 2017ല്‍ ബിജെപിക്ക് ഏറെ നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിജെപി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും അമിത്ഷാ ഗുജറാത്ത് മുഖ്യമന്ത്രിയായി പോകാനുള്ള സാദ്ധ്യത ബിജെപി കേന്ദ്ര നേതാക്കള്‍ തള്ളുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിസഭാംഗം നിതിന്‍ പട്ടേല്‍,മുതിര്‍ന്ന നേതാവായ പുരുഷോത്തം രൂപാല,പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും അമിത്ഷായുടെ വിശ്വസ്തനായ വിജയ് രൂപാണി എന്നിവര്‍ക്കാണ് സാദ്ധ്യത കല്‍പിക്കുന്നത്.പട്ടേല്‍ സമുദായ അംഗം ആയതിനാല്‍ നിതിന്‍ പട്ടേലിനാണ് കൂടുതല്‍ സാദ്ധ്യത കല്‍പിക്കുന്നത്.ആനന്ദി ബെന്‍ പട്ടേലിനെ ഹര്യാനയിലെയോ പഞ്ചാബിലെയോ ഗവര്‍ണ്ണറാക്കാനും ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നു.

click me!