ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ. 50 പേരും മേയർ ആകാൻ യോഗ്യരാണെന്നും വിവി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർ‌ത്ഥിയായി പ്രഖ്യാപിച്ച തീരുമാനത്തിൽ പ്രതികരണവുമായി വിവി രാജേഷ്. ഇന്ന് ഉച്ചയ്ക്കാണ് തീരുമാനം ഉണ്ടായതെന്നും ഇത് സാധാരണക്കാരുടെ വിജയമാണെന്നും വിവി രാജേഷ് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നു. ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ. 50 പേരും മേയറാകാൻ യോഗ്യരാണെന്നും വിവി രാജേഷ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വളരെ അപ്രതീക്ഷിതമായിട്ടാണ് തീരുമാനം വന്നതെന്ന് ബിജെപിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായ ആശാനാഥ് പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണ്. ജനങ്ങളിൽ ഒരാളായി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആശാനാഥ് പറഞ്ഞു.

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമാണ് വിവി രാജേഷിനെ ബിജെപി മേയർ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ആശാനാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചു.

തലസ്ഥാനത്തെ ബിജെപിയുടെ മുഖമായ വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂർ കൗൺസിലറുമാണ് രാജേഷ്. കൗൺസിലറായി വിവി രാജേഷിനിത് രണ്ടാമൂഴമാണ്. ജില്ല പ്രസിഡന്റ് കരമന ജയൻ, വിവി രാജേഷ്, ആർ ശ്രീലേഖ, പാപ്പനം കോട് സജി എന്നിവർ അടിയന്തര ചർച്ചയിൽ പങ്കെടുത്തു. രാജേഷിനായി അവസാന നിമിഷം ഇടപെട്ടത് മുരളീധര പക്ഷമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുൻ ഡിജിപി ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ല. കൂടുതൽ വിജയ സാധ്യതയുള്ള സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ശ്രീലേഖയെ മേയർ ആക്കാനുള്ള നീക്കത്തെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറിയത്. തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുൻ എംഎൽഎ കെഎസ് ശബരീനാഥനാണ് മത്സരിക്കുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും. പുന്നക്കാമു​ഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർപി ശിവജിയാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി. 

YouTube video player