പ്രളയദുരിതത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാൻ കേരള സർക്കാർ ഇത്ര വ്യ​ഗ്രത കാണിച്ചില്ല; സർക്കാരിന് രൂക്ഷ വിമർശനവുമായി അമിത് ഷാ

By Web TeamFirst Published Oct 27, 2018, 3:00 PM IST
Highlights

ഭക്തർക്ക് നിയന്ത്രണങ്ങളുള്ള ക്ഷേത്രം കേരളത്തിൽ മാത്രമല്ല ഉളളത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത്തരം ക്ഷേത്രങ്ങളുണ്ട്. ഭക്തരെ അടിച്ചമർത്തുന്നത് തീക്കളിയാണെന്നും അമിത് ഷാ  മുന്നറിയിപ്പ് നൽകി. ബിജെപിയുടെ ദേശീയനേതൃത്വം എല്ലാ ശക്തിയും ഉപയോ​ഗിച്ച് ഭക്തരുടെ ഒപ്പം നിൽക്കും. 

കണ്ണൂര്‍: ഭക്തരുടെ വിശ്വാസത്തിൽ കൈകടത്താൻ അനുവദിക്കില്ലെന്ന് ശബരിമല വിഷയത്തിൽ കടുത്ത നിലപാടുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. കണ്ണൂരിൽ ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രസം​ഗിക്കവേയാണ് ശബരിമല വിഷയത്തിലെ നിലപാട് അദ്ദേഹം അറിയിച്ചത്. കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായാണ് ബിജെപി ദേശീയ അധ്യക്ഷൻ എത്തിയത്. പ്രത്യക വിമാനത്തിലാണ് ഉദ്ഘാടനം ചെയ്യാത്ത വിമാനത്താവളത്തിൽ അമിത് ഷാ വിമാനമിറങ്ങിയത്. കണ്ണൂരിൽ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനവും ശിവ​ഗിരി സന്ദർശനവുമാണ് അമിത് ഷായുടെ ഈ യാത്രയുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ അമിത് ഷായുടെ കേരള സന്ദർശനത്തിന് വളരെയധികം പ്രസക്തിയുണ്ട്. 

ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണ് ബിജെപി എന്ന് വ്യക്തമായി പ്രഖ്യാപിച്ചു കൊണ്ടാണ് അമിത് ഷാ പ്രസം ആരംഭിച്ചത്. കോടതി വിധിയുടെ മറ പിടിച്ച് കേരളത്തെ സംഘർഷ ഭൂമിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഭക്തർക്ക് നിയന്ത്രണങ്ങളുള്ള ക്ഷേത്രം കേരളത്തിൽ മാത്രമല്ല ഉളളത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത്തരം ക്ഷേത്രങ്ങളുണ്ട്. ഭക്തരെ അടിച്ചമർത്തുന്നത് തീക്കളിയാണെന്നും അമിത് ഷാ  മുന്നറിയിപ്പ് നൽകി. ബിജെപിയുടെ ദേശീയനേതൃത്വം എല്ലാ ശക്തിയും ഉപയോ​ഗിച്ച് ഭക്തരുടെ ഒപ്പം നിൽക്കും. 

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേരള സർക്കാർ ഇത്ര വ്യ​ഗ്രത കാണിച്ചു കണ്ടില്ല. ശബരിമല വിഷയത്തിലെ കോടതി വിധി നടപ്പിലാക്കാൻ വേണ്ടി എന്തിനാണ് ഇത്രയും വ്യ​ഗ്രത കാണിക്കുന്നത്? ഇപ്പോഴും പല കോടതി വിധികളും നടപ്പാക്കാൻ ബാക്കിയുണ്ട്. ശബരിമല വിഷയത്തിൽ ആചാരവിധികൾ അതുപോലെ തന്നെ പിന്തുടരേണ്ടണ്ട്. അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ വികസനം കൊണ്ടുവന്നത് മോദി സർക്കാരാണ്. 

ശബരിമല വിഷയത്തിൽ കോടതിവിധിയെയും അമിത് ഷാ വിമർശിക്കുകയുണ്ടായി. അപ്രായോ​ഗികമായ വിധികൾ പ്രഖ്യാപിക്കുന്നതിൽ നിന്നും കോടതികളും പിൻമാറണം. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നതാണ് ഹൈന്ദവ സംസ്കാരം. ആയിരക്കണക്കിന് പ്രവർത്തകരെ അടിച്ചമർത്തുന്നതിലൂടെ സർക്കാർ സംഘർഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അമ്മമാരും സഹോദരിമാരുമാണ് ശക്തമായ പ്രതിഷേധവുമായി രം​ഗത്ത് വന്നിരിക്കുന്നത്. 

അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ അവകാശങ്ങളെ അടിച്ചമർത്തുകയും ചെയ്ത സർക്കാർ നടപടി ശരിയല്ല. അവർ ആരുടെ മുതൽ നശിപ്പിച്ചിട്ടാണ് അറസ്റ്റ് ചെയ്തതെന്നും അമിത് ഷാ ചോദിക്കുന്നു. അയ്യപ്പഭക്തരെ അടിച്ചമർത്തി മുന്നോട്ട് പോകാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കരുതേണ്ടെന്നും അമിത് ഷാ തുറന്നടിച്ചു. സർക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല എന്ന മുന്നറിയിപ്പും അമിത് ഷാ പ്രസം​ഗത്തിനിടയിൽ നൽകിയിരുന്നു.  ശരണം വിളിയോടെ ആരംഭിച്ച പ്രസം​ഗം ശരണം വിളിച്ചാണ് അമിത് ഷാ അവസാനിപ്പിച്ചത്. 

click me!