
ചെങ്ങന്നൂര്‍: കെ.സുരേന്ദ്രന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധവും ഉപരോധവും ശക്തമാക്കി ബിജെപി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ ഇന്ന് മുതൽ വഴിതടയൽ സമരം പ്രഖ്യാപിച്ച ബിജെപി ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുചടങ്ങിനിടെ ശരണം വിളിച്ചും പ്രതിഷേധമാർച്ച് നടത്തിയും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചു.
പ്രളയബാധിതര്‍ക്ക് സഹകരണവകുപ്പ് വീട് നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചപ്പോൾ ആണ് ശരണംവിളി പ്രതിഷേധമുണ്ടായത്. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി മൈക്കിന് അടുത്ത് എത്തിയതിന് തൊട്ടുപിന്നാലെ വേദിക്ക് തൊട്ടപ്പുറത്തുള്ള മൈതാനത്ത് നിന്നും ബിജെപി പ്രവർത്തകരായ ഒരു സംഘം ശരണംവിളി ആരംഭിച്ചു. ഇവിടേക്ക് കുതിച്ചെത്തിയ പൊലീസ് ശരണംവിളിച്ചവരെ അവിടെ നിന്നും മാറ്റി. സ്ത്രീകൾ ഉൾപ്പെട്ട സംഘമാണ് ശരണം വിളിച്ചത്.
എന്നാല്‍ ശരണംവിളി പ്രതിഷേധത്തെ നിസ്സാരവത്കരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിപ്പോൾ സ്ഥിരം പരിപാടിയായി മാറിയായിരിക്കുകയാണെന്നും ഇതൊന്നും താൻ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്ത് എല്ലാവരും ശരണം വിളിക്കുന്നതല്ലേ എന്ന് സദസിനോട് ചോദിച്ച മുഖ്യമന്ത്രി നവോത്ഥാന കാലത്തിന്‍റെ ഭാഗമായ നിരവധി സംഘടനാപ്രതിനിധികളെ ചേര്‍ത്ത് സര്‍ക്കാര്‍ ഒരു യോഗം വിളിച്ചിരുന്നുവെന്നും 190 പേരെ വിളിച്ചതില്‍ 170 പേരും പരിപാടിക്ക് എത്തിയെന്നും അവരില്‍ പലരും സ്വാമി ശരണം എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങിയതെന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അതല്ല നമ്മുടെ വിഷയം എന്ന് പറഞ്ഞു കൊണ്ട് തന്‍റെ ഉദ്ഘാടന പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു.
ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച്ച മുതൽ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴി തടയും എന്ന് ബിജെപിയുടെ പ്രഖ്യാപനം. ചെങ്ങന്നൂരിൽ സഹകരണവകുപ്പിന്റ പരിപാടിയിൽ നാല് മന്ത്രിമാർക്കൊപ്പമായിരുന്നു മുഖ്യമന്ത്രി ആദ്യം പങ്കെടുക്കേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് നിന്നും രാവിലെ പുറപ്പെട്ട മുഖ്യമന്ത്രി കൃത്യസമയത്ത് തന്നെ വേദിയിലെത്തി. വരുന്ന വഴി മുളക്കുഴയിൽ വച്ച് ചില യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതൊഴിച്ചാൽ മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.
മുഖ്യമന്ത്രി ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളേജിലെ ചടങ്ങിന് എത്തിയതിന് പിന്നാലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപിയുടെ പ്രതിഷേധമാർച്ച് ആരംഭിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.
ബിജെപിയുടെ വഴിതടയല്‍ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ മുഴുവന്‍ മന്ത്രിമാരുടേയും സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാര്‍ക്കും അകന്പടിയ്ക്കായി കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരേയും പൈലറ്റ് വാഹനങ്ങളേയും വിന്യസിച്ചു. 250- ഓളം പൊലീസ് ഉദ്യോഗസ്ഥരെ ചെങ്ങന്നൂരില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലെ പരിപാടിക്ക് ശേഷം ആലപ്പുഴയിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത്. ഇവിടെ എല്‍ഡിഎഫിന്‍റെ പൊതുപരിപാടിയാണ് നടക്കുന്നത്. യാത്രാമധ്യേയോ പരിപാടി നടക്കുന്ന ചടങ്ങിലോ പ്രതിഷേധമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടെയും ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam