യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി; പഞ്ചാബില്‍ കോണ്‍ഗ്രസ്

Web Desk |  
Published : Mar 11, 2017, 05:00 PM ISTUpdated : Oct 05, 2018, 03:31 AM IST
യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി; പഞ്ചാബില്‍ കോണ്‍ഗ്രസ്

Synopsis

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. മോദി തരംഗം ആഞ്ഞുവീശിയ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണമുറപ്പിച്ചു. പഞ്ചാബില്‍ 10 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസും അധികാരത്തിലേക്ക് തിരിച്ചെത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയിലും  മണിപ്പൂരിലും  കോണ്‍ഗ്രസ് നേരിയ മുന്‍തൂക്കം നിലനിര്‍ത്തുകയാണ്.

ഗംഗാ സമതലത്തില്‍ മോദി പ്രഭാവം മങ്ങിയില്ല. ഉത്തര്‍പ്രദേശില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. 14 വര്‍ഷത്തിന് ശേഷമാണ് ബിജെപി യുപിയില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്. മുസ്ലീം ഭൂരിപക്ഷ മേഖലകളിലും യാദവ കോട്ടകളിലും മറ്റ് പിന്നോക്ക മേഖലകളിലും വ്യക്തമായ അധിപത്യം നേടാന്‍ ബിജെപിക്കായി. നഗര പ്രദേശങ്ങള്‍ക്ക് ഒപ്പം അമേഠി, റായ്ബറേലി, വാരണാസി എന്നിവടങ്ങളിലെല്ലാം ബിജെപി മുന്നേറ്റം നടത്തി. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് സഖ്യം തകര്‍ന്നടിഞ്ഞപ്പോള്‍ മായാവതിക്ക് ഇനി രാജ്യസഭയിലേക്ക് എത്താന്‍ തക്ക സീറ്റുകള്‍ പോലും യുപി ജനത നല്‍കിയില്ല.

ഉത്തര്‍പ്രേദശിനോട് ചേര്‍ന്ന് കിടക്കുന്ന ഉത്തരാഖണ്ടിലും ബിജെപി മിന്നും ജയം സ്വന്തമാക്കി. ദേവഭൂമിയില്‍ ഭരണവിരുദ്ധ വികാരം ബിജെപിയെ തുണച്ചു. മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റകളിലും തോറ്റു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ വിമതന്‍മാരും ബിജെപി തരംഗത്തില്‍ ഉത്തരാഘണ്ടില്‍ വിജയിച്ച് കയറി. ഉത്തരാഘണ്ടില്‍ അക്കൗണ്ട് തുറക്കാന്‍ പോലും ബിഎസ്‌പിക്കായില്ല.

 യുപിയിലും ഉത്തരാഘണ്ടിലും ആഞ്ഞ് വീശിയ ബിജെപി കാറ്റ് പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നു. ശക്തമായ ഭരണവിരുദ്ധ വികാരം ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തിന് ഹാട്രിക് നല്‍കിയില്ല. ഉത്തരാഖണ്ടിലും യുപിയിലും തകര്‍ന്ന കോണ്‍ഗ്രസ്സിന് പഞ്ചാബിലെ വിജയം ആശ്വാസമായി. ശക്തമായ പ്രകടനം കാഴ്ചവയക്കുമെന്ന് വിലയിരുത്തപ്പെട്ട ആം ആദ്മി പാര്‍ട്ടിയും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കിയില്ല.

ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സ്വതന്ത്രന്‍മാരും ചെറുപാര്‍ട്ടികളുടെയും പിന്തുണ നേടിയെടുക്കുക എന്നതാണ് ഇരു പാര്‍ട്ടികള്‍ക്കും മുന്നിലെ വെല്ലുവിളി. മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കറുടെ പരാജയം ബിജെപിക്ക് വന്‍വീഴ്ച്ചയായി. വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റില്‍ പോലും ലീഡ് നേടാനായില്ല.

കിഴക്ക് മണിപ്പൂരിലും കേവല ഭൂരിപക്ഷം നേടാന്‍ ആര്‍ക്കുമായിട്ടില്ല. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും തൊട്ട് പിന്നില്‍ ബിജെപിയുണ്ട്. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്ന ബിജെപി അത്ഭുത നേട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. ചെറുപാര്‍ട്ടികളാകും മണിപ്പൂരിന്റെയും ഭാവി നിശ്ചയിക്കുക. ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മണിപ്പൂരിന്റെ വീര സമരനായിക ഇറോം ഷര്‍മിള ദയനീയമായി പരാജയപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരവേറ്റ് ലോകം! സിഡ്‌നിയിൽ ബോണ്ടി ബീച്ച് ആക്രമണ ഇരകൾക്ക് ആദരം; ജപ്പാനും കൊറിയയും പാരമ്പര്യ തനിമയോടെ പുതുവത്സരത്തെ വരവേറ്റു
ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ