യുപിയിലെ ബിജെപി മുഖ്യമന്ത്രി; കേശവ് പ്രസാദ് മൗര്യക്ക് സാധ്യത

By Web DeskFirst Published Mar 11, 2017, 4:46 PM IST
Highlights

ലക്നോ: ഉത്തര്‍പ്രദേശില്‍ ചരിത്ര വിജയം നേടിയ ബി.ജെ.പിയുടെ സര്‍ക്കാരിനെ ആരാകും നയിക്കുക എന്നാണ് ഇനി അറിയേണ്ടത്. ബി.ജെ.പിയുടെ സംസ്ഥാനത്തെ ഒ.ബി.സി മുഖമായ കേശവ് പ്രസാദ് മൗര്യയുടെ പേരിനാണ് മുന്‍ഗണന. മനോജ് സിന്‍ഹയുടെയും മഹേഷ് ശര്‍മയുടേയും പേരുകളും പരിഗണിക്കുന്നുണ്ട്.
 
മുന്നൂറിലധികം സീറ്റിന്റെ വമ്പിച്ച വിജയാഘോഷത്തില്‍ നിന്ന് ആരാകണം യു.പിയുടെ മുഖ്യമന്ത്രിയെന്ന് തീരുമാനിക്കാനുള്ള ചര്‍ച്ചകളിലേക്ക് ബി.ജെ.പി കടക്കുകയാണ്. പരമ്പരാഗത രീതികള്‍ മാറ്റിവെച്ച് ഇത്തവണ ഒ.ബി.സിക്ക് വലിയ പ്രധാന്യം നല്‍കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുമ്പ് ഒ.ബി.സി വിഭാഗക്കാരനായ കേശവ് പ്രസാദ് മൗര്യയെ പാര്‍ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാക്കുകയും ചെയ്തു.

ഒ.ബി.സിക്കാരന്‍ മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിച്ചാല്‍ ചര്‍ച്ചകള്‍ കേശവ് പ്രസാദ് മൗര്യയില്‍ തന്നെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ചെറുപ്പത്തില്‍ ചായ വില്‍പ്പനക്കാരനായിരുന്ന കേശവ് പ്രസാദ് മൗര്യയും. ചുരുങ്ങിയ കാലം കൊണ്ട് ഉത്തര്‍പ്രദേശിലെ ഏറ്റവും നേതാവായി വളര്‍ന്ന മൗര്യ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും വിജയിച്ചു. അതേസമയം, മുന്നോക്ക ജാതിക്കാരന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് തീരുമാനിച്ചാല്‍ കേന്ദ്ര മന്ത്രിമാരായ മനോജ് സിന്‍ഹ, മഹേഷ് ശര്‍മ്മ, ഒപ്പം കല്‍രാജ് മിശ്ര എന്നിവരുടെ പേരുകള്‍ പരിഗണിക്കും.

യുവ നേതാക്കളുടെ പട്ടികയില്‍ മധുരയില്‍ നിന്ന് വിജയിച്ച ശ്രീകാന്ത് മിശ്രയുടെ പേരും പരിഗണിക്കുന്നുണ്ട്. ദില്ലിയില്‍ ചേരുന്ന ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗമാകും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഗോളിക്ക് ശേഷം മാത്രമെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉണ്ടാകു.

click me!