ഖമറുന്നീസ അന്‍വറിന് ബിജെപിയിലേക്ക് ക്ഷണം: വേങ്ങരയില്‍ മത്സരിപ്പിക്കാന്‍ ശ്രമം

By Web DeskFirst Published May 10, 2017, 9:22 AM IST
Highlights

മലപ്പുറം: വനിത ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും ലീഗ് പുറത്താക്കിയ  ഖമറുന്നീസ അന്‍വറിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള തീവ്രശ്രമവുമായി ബിജെപി. ബിജെപി  സംസ്ഥാന നേതൃത്വം ഇക്കാര്യത്തിനായി ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്തി. മലപ്പുറം പോലൊരു പ്രദേശത്തു നിന്നും  ഒരു മുസ്ലിം വനിതാ നേതാവിനെ ഒപ്പം കൂട്ടാന്‍ കഴിഞ്ഞാല്‍ സംസ്ഥാന രാഷ്രീയത്തില്‍ തന്നെ വലിയ നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

അടുത്ത ലോക് സഭ തെരഞ്ഞെടുപ്പില്‍ തന്നെ ഇതിന്റെ പ്രതിഫലനമുണ്ടാകും. ഖമറുന്നീസയോടുള്ള ലീഗ് നടപടി സ്ത്രീകളോടുള്ള മുസ്ലിം ലീഗിന്റെ  നിലപാട് ഒന്നു കൂടി പുറത്തെത്തിക്കാനാവുമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു. വനിത ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കിയ ദിവസം മുതല്‍ ബിജെപി നേതാക്കള്‍ ഖമറുന്നീസയുമായി കാര്യങ്ങള്‍ സംസാരിച്ചു വരുന്നുണ്ട്. 

ലീഗിലെ ഒരു വനിത നേതാവും കോഴിക്കോടു നിന്നുള്ള ഒരു  നേതാവുമാണ് തന്നെ പുറത്താക്കിയതിന് പിന്നിലെന്ന് ഖമറുന്നീസ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഈ രണ്ടു പേരുടെയും സ്വാധീനത്തിന് വഴങ്ങിയ ലീഗ് നേതൃത്വത്തോട് കടുത്ത അമര്‍ഷവും അവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ബിജെ പിയോടുള്ള മമതയും കൂടിയിരിക്കുന്നു. വരുന്ന വേങ്ങര തെരഞ്ഞെുപ്പില്‍ മല്‍സരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

ദേശീയ തലത്തില്‍ തന്നെ ഒരു ഉന്നത സ്ഥാനവും ബിജെപി ഖമറുന്നീസക്കായി വാഗ്ദാനം ചെയ്യുന്നുണ്ട് അടുത്ത മാസം ആദ്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍  അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ തന്നെ ഖമറുന്നീസയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന വിധത്തില്‍ കാര്യങ്ങല്‍ മുന്നോട്ടു നീക്കാനാണ് ബിജെപി  നേതൃത്വം ശ്രമിക്കുന്നത്.
 

click me!