സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്നും പികെ ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട്: സ്ഥാനാർഥി നിർണയത്തിൽ ലീഗ് യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ലീഗിന് കൂടുതൽ സീറ്റിന് അർഹത ഉണ്ടെന്നും മുന്നണി ബന്ധത്തെ ബാധിക്കാതെ ഇക്കാര്യം യുഡിഎഫിൽ ഉന്നയിക്കുമെന്നും പികെ ഫിറോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് ടേം നയം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്നും സ്ഥാനാർഥി നിർണായത്തിൽ വിജയ സാധ്യത മാത്രമാകണം മാനദണ്ഡമെന്നും പികെ ഫിറോസ് പറഞ്ഞു. വിജയിക്കാൻ കഴിയുമെങ്കിൽ സീറ്റ് വെച്ചു മാറുന്നതിൽ തെറ്റില്ല. മുന്നണിയിൽ പുതിയ കക്ഷികൾ എത്തിയാൽ ലീഗും വിട്ടു വീഴ്ച ചെയ്യും. ഇത്തവണ ലീഗ് വനിതാ അംഗം നിയമസഭയിൽ ഉണ്ടാകും. ലീഗ് വനിതാ സ്ഥാനാർഥിയുടെ വിജയം മുന്നണി ഉറപ്പാക്കും. യുഡിഎഫിനെതിരായ വർഗീയ പ്രചാരണം മതേതര നയം പറഞ്ഞു പ്രതിരോധിക്കും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആണ് എ കെ ബാലൻ വർഗീയത പറയുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. 

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍യണം വേഗത്തിൽ തീരുമാനിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.ലീഗിലും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാണ്. പത്തോളം പുതുമുഖങ്ങളടക്കം ലീഗിന്‍റെ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് വിവരം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റായ പികെ നവാസ് അടക്കമുള്ളവരെയും പരിഗണിക്കുന്നുണ്ട്. യുവത്വത്തിനും പരിചയ സമ്പത്തിനും പ്രാധാന്യം നൽകിയാണ് ലീഗിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി എംപിമാർ അടക്കമുള്ള പാർട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേൾക്കും. ഇന്നലെ എകെ ആന്റണി ഉൾപ്പെടെയുള്ള പ്രധാന നേതാക്കളുമായി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ഇന്നലെ പ്രതിപക്ഷ നേതാവ് മിസ്ത്രിയെ കണ്ടിരുന്നില്ല. വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തിൽ തങ്ങുന്ന സമിതി അംഗങ്ങൾ വീണ്ടും കേരളത്തിൽ എത്തും. രണ്ടു ഘട്ടമായി സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് ശ്രമം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് സാധ്യതാപട്ടിക സംബന്ധിച്ച് കോഴിക്കോട് കോണ്‍ഗ്രസിൽ തര്‍ക്കം തുറന്നപോരിലേക്ക് നയിച്ചു. കോഴിക്കോട് മല്‍സരിക്കുന്ന അഞ്ചില്‍ നാലു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന തരത്തിലുളള പ്രചാരണത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. .സ്ഥാനാര്‍ത്ഥി മോഹികളാണ് പ്രചാരണത്തിന് പിന്നിലെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നത് ഡിസിസി അല്ലെന്നും കെ പി സിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍ തുറന്നടിച്ചു. നാദാപുരത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്‍റ് കെ പ്രവീണ്‍കുമാര്‍, ബാലുശ്ശേരിയില്‍ കെ എസ് യു ജില്ലാ പ്രസിഡന്‍റ് വി ടി സൂരജ്, കോഴിക്കോട് നോര്‍ത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത്. കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഇവരിറങ്ങുമെന്നാണ് പ്രചാരണം. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തില്ലെങ്കില്‍ ഈ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ഈ പട്ടികയില്‍പെട്ട ചിലരൊക്കെ മണ്ഡലത്തില്‍ സഹായം തേടി ഇറങ്ങി തുടങ്ങുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, ഇങ്ങനെയൊരു പട്ടിക പ്രചരിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സീറ്റ് മോഹികളാണെന്നാണ് ആരോപണം. വയനാട് ക്യാമ്പില്‍ എഐസിസി നേതൃത്വം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സീറ്റ് ചര്‍ച്ചയെച്ചൊല്ലി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനു പിന്നിലും സീറ്റ് മോഹികളായ ചില നേതാക്കളാണെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും നേട്ടമുണ്ടാക്കിയ മേല്‍ക്കൈ കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സീറ്റ് ക്ഷാമത്തിന് അവസാനം കുറിക്കാന്‍ സഹായകമാകുമെന്ന് കരുതുമ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കല്ലുകടി.

YouTube video player