
പാലക്കാട്: പാലക്കാട് ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. പൊരുളിപ്പാടം സുരേഷ് ആണ് പഴനിയിൽ നിന്നും പൊലീസിന്റെ പിടിയിലായത്. പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത സുരേഷിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രതിയായ ബിജെപി പ്രവർത്തകൻ പൊരുളിപ്പാടം സുരേഷ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ്‍ സുരേഷിനൊപ്പം പരസ്യ മദ്യപാനം നടത്തുകയും ഡിവൈഎഫ്ഐയുടെ ഫ്‌ളക്‌സ് ബോർഡുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് പിടികൂടിയിരുന്നു.
ബിജെപി പ്രവർത്തകരായ പൊരുളിപ്പാടം സ്വദേശികളായ വിഷ്ണു, അരവിന്ദ് എന്നിവരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സുരേഷിന് പാർട്ടിയുമായി ബന്ധമില്ലെന്ന വിശദീകരണവുമായി ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റി വാർത്തകുറിപ്പ് ഇറക്കിയതിന് പിന്നാലെ പാർട്ടി ബന്ധം തെളിയിക്കുന്ന ഫോട്ടോകൾ, പാർട്ടിഔദ്യോഗിക പേജിൽ വന്ന വാർത്തകളും പുറത്തുവന്നു. അതേസമയം അക്രമത്തിനിരയായ 65കാരിക്ക് താൽക്കാലിക വീടൊരുക്കി ഡിവൈഎഫ്ഐ രംഗത്തെത്തി. അടച്ചുറപ്പില്ലാത്ത കൂരയിൽ നിന്നും ഇവരെ തൊട്ടടുത്തുള്ളവാടകവീട്ടിലേക്കാണ് മാറ്റിത്താമസിപ്പിച്ചത്. ഡിവൈഎഫ്ഐ കാവശേരി മേഖല കമ്മിറ്റി ഇതിൻ്റെ ചെലവുകൾ വഹിക്കും. വയോധികയുടെ പേരിലെ സ്ഥലത്ത് സ്വന്തമായി വീടു നിർമിക്കാൻ പ്രവർത്തനം ആരംഭിക്കാനും ആലോചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam