
ചാവക്കാട്: സിപിഎം നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം തടവും മൂന്നുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും. സിപിഎം നേതാക്കളായ ചാവക്കാട് കണ്ടാണശ്ശേരിയിലെ കെജി പ്രമോദ്, വികെ ദാസന്‍ എന്നിവര്‍ക്കെതിരെയാണ് 2011 ല്‍ ആക്രമണം നടന്നത്. കണ്ടാണശ്ശേരി എൽ.പി. സ്‌കൂളിന് മുൻവശത്തെ റോഡിൽവെച്ച് സംഘംചേർന്ന് ആയുധങ്ങളുമായെത്തിയ പ്രതികൾ ഇരുവരെയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചാവക്കാട് സബ് കോടതി കണ്ടെത്തിയിരുന്നു.
പിഴസംഖ്യയിൽ 35,000 രൂപ പ്രമോദിനും 15,000 രൂപ ദാസനും നൽകാനും കോടതി ഉത്തരവായി. കെജി പ്രമോദ് കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റാണ്. വികെ ദാസന്‍ പഞ്ചായത്ത് അംഗമാണ്. 13 പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നുപേരെ സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. വിജീഷ് , തടത്തിൽ പ്രനീഷ് , കുഴുപ്പുള്ളി ബിനോയ്, വടക്കത്ത് വിനോദ്, ചീരോത്ത് യദുനാഥ്, ചൂണ്ടുപുരയ്ക്കൽ സുധീർ , വട്ടംപറമ്പിൽ സന്തോഷ്, ഇരപ്പശ്ശേരി വിനീഷ് , കൊഴുക്കുള്ളി നിഖിൽ, ചൂണ്ടുപുരയ്ക്കൽ സുമോദ് എന്നിവരെയാണ് ശിക്ഷിച്ചത്.
ആക്രമണം നടക്കുന്ന സമയത്ത് പഞ്ചായത്ത് അംഗവും സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പ്രമോദും ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായിരുന്ന ദാസനും പാർട്ടി ലോക്കൽ കമ്മിറ്റി യോഗം കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു ആക്രമണം. പ്രമോദിന്‍റെ തലയ്ക്ക് മാരകമായ പരിക്കേറ്റു. താടിയെല്ലും കാൽമുട്ടുകളും തകർന്നു. ദാസന് കാലുകളിലും കൈകളിലും വെട്ടേറ്റു.
പൊലീസ് സംഭവത്തില്‍ കുറ്റപത്രം നല്‍കിയെങ്കിലും, അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമായി പരിക്കേറ്റവർ കോടതിയെ സമീപിച്ചു. പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അവശേഷിപ്പിച്ചാണ് കുറ്റപത്രമെന്നും പുനരന്വേഷണം നടത്തണമെന്നുമുള്ള, പരിക്കേറ്റവരുടെ പരാതി അംഗീകരിച്ച കോടതി കേസ് വീണ്ടും അന്വേഷണം നടത്തുവാൻ ഉത്തരവിട്ടു. തുടർന്ന് കേസിൽ വീണ്ടും അന്വേഷണം നടത്തി 2015 ഏപ്രിൽ 13-ന് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam