കൊച്ചിയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു

By Web DeskFirst Published Feb 13, 2018, 12:05 PM IST
Highlights

കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. കൊച്ചി കപ്പല്‍ ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍, കപ്പല്‍ശാലയിലെ ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ചത് 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.  കപ്പലിലുണ്ടായിരുന്ന മറ്റ് 11  പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 45 ശതമാനം പൊള്ളലേറ്റ ശ്രീരൂപ് എന്നയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മറ്റ് നാല് പേരുടെ നില തൃപ്തികരമാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. അഭിലാഷ്, സച്ചു, ജെയ്സണ്‍ എന്നിവരാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നാല് പേര്‍ കൂടി ചികിത്സയിലുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിസ്സാര പരിക്കേറ്റ ചിലരെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിട്ടയച്ചു.

രാവിലെ 10.30ഓടെ സംഭവിച്ച അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ 11 മണിക്ക് ശേഷമാണ് പുറത്തുവന്നത്. അവധി ദിവസമായതിനാല്‍ ജീവനക്കാര്‍ കുറവായിരുന്നു. പുറത്ത് നിന്ന് കൂടുതല്‍ ആംബുലന്‍സുകളും അഗ്നിശമനാ വാഹനങ്ങളും കപ്പല്‍ ശാലയിലേക്ക് എത്തിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് രണ്ട് മണിക്കൂറിന് ശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പുക പടര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്നും കമ്മീഷണര്‍ അറിയിച്ചു. കപ്പല്‍ ശാലയിലെ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നില്ല, 

46 വര്‍ഷം പഴക്കമുള്ള സാഗര്‍ ഭൂഷണ്‍ എന്ന കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ എത്തിച്ചത്.  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒ.എന്‍.ജി.സി) ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. 15ഓളം ജീവനക്കാര്‍ അപകടസമയത്ത്  ഉള്ളിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കപ്പല്‍ ശാലയ്ക്ക് ഇന്ന് അവധിയായിരുന്നെങ്കിലും ജോലികള്‍ വേഗത്തില്‍ തീര്‍ക്കേണ്ടിയിരുന്നതിനാല്‍ ഓവര്‍ ടൈം ഡ്യൂട്ടിക്കായി എത്തിയതായിരുന്നു ജീവനക്കാര്‍. അവധി ദിവസത്തില്‍ ആരൊക്കെ ജോലിക്കെത്തിയെന്നത് സംബന്ധിച്ച് ആദ്യ ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.

click me!