കോഴിക്കോട് മുന്‍ മേയര്‍ക്കെതിരായ 12 കേസുകള്‍ക്ക് വിജിലന്‍സില്‍ വിലങ്ങ്

By Web DeskFirst Published Feb 13, 2018, 11:59 AM IST
Highlights

കോഴിക്കോട്: സി.പി.എം ജില്ലാ നേതാവിനെതിരായ ലക്ഷങ്ങളുടെ അഴിമതി കേസുകളിലും വിജിലന്‍സില്‍ വിലങ്ങ്. കോഴിക്കോട് മുന്‍ മേയറും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.ഭാസ്കരനെതിരായ രണ്ടു കേസുകളില്‍  രണ്ടു മാസം മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ക്ക് വിജിന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയില്ല. മുന്‍ മേയര്‍ക്കും കോര്‍പറേഷന്‍ അംഗങ്ങള്‍ക്കുമെതിരായ മറ്റ് പത്ത് കേസുകളിലും അന്വേഷണം ഇഴയുകയാണ്.

മൂന്നര പതിറ്റാണ്ടു കാലമായി സിപിഎം ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷനെ പിടിച്ചുലച്ച അഴിമതി ആരോപണങ്ങളായിരുന്നു എം ഭാസ്കരന്‍ മേയറായിരിക്കെ ഉയര്‍ന്നത്. കോഴിക്കോട്ടെ അഴിമതി വിരുദ്ധ മുന്നണിയുടെ പരാതിയില്‍ വിജിലന്‍സ് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഈ കേസിലും വിജിലന്‍സിനെ കൂട്ടിലടയ്‌ക്കുന്നതാണ് പിന്നീട് കണ്ടത്.  

ദുരിതാശ്വാസ ഫണ്ടിലെ തിരിമറി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്, ചേരിവികസനത്തിന്റെ പണം വക മാറ്റല്‍ എന്നിങ്ങനെ തുടങ്ങി 12 കേസുകളാണുണ്ടായിരുന്നച്‍. ഇതില്‍ ഒന്‍പത് എണ്ണത്തിലും ഒന്നാം പ്രതി  എം.ഭാസ്കരന്‍ തന്നെയായിരുന്നു. ദുരിതാശ്വാസ ഫണ്ടിലെ തിരിമറി, ഭിന്നശേഷിക്കാര്‍ക്കായുളള ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്  എന്നീ  കേസുകളില്‍  വിജിലന്‍സ് അന്വേഷണം ഡിസംബറില്‍  പൂര്‍ത്തിയായി. കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പിന്നീട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ആസ്ഥാനത്ത് ഇരിപ്പായി. ദുരിതാശ്വാസ  ഫണ്ട് വിനിയോഗത്തില്‍ മേയറുടെ ഇടപെടലുണ്ടായെന്നായിരുന്നു എഫ്ഐആര്‍. 

വരവുചെലവ് കണക്ക് സൂക്ഷിച്ചില്ല, പണം ചെലവാക്കിയത്  സുതാര്യമായല്ല, എന്നിങ്ങനെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലും മേയറുടെ പേരേടുത്ത് കുറ്റപ്പെടുത്തിയിരുന്നു . കെല്‍ട്രോണിനെ ഒഴിവാക്കി സ്വകാര്യ കമ്പനിയില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങിയത് വഴി   കോര്‍പ്പറേഷന് 8,21,100 രൂപ നഷ്‌ടമുണ്ടാക്കിയെന്നായിരുന്നു പരാതി. മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേട്  അടക്കം രണ്ടു കേസുകളില്‍ തെളിവില്ലെന്നാണ്  വിജിലന്‍സ് റിപ്പോര്‍ട്ട്. പക്ഷേ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശിച്ച്  റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി മടക്കുകയായിരുന്നു. 

ബാക്കി എട്ടു കേസുകളില്‍  അന്വേഷണം എങ്ങുമെത്തിയില്ല . 2013ല്‍ തുടങ്ങിയ അന്വേഷണമാണ് ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. ഒന്നോ രണ്ടോ വട്ടം വിജിലന്‍സ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്ന് എം.ഭാസ്കരനും പറയുന്നു. ഇതിനിടെ പരാതിക്കാരനായ വിജയകുമാറിനെതിരെ രണ്ടു വട്ടം ആക്രമണവുമുണ്ടായി.

click me!