പുഴ നിറഞ്ഞ് ബ്ലൂ ഗ്രീന്‍ ആല്‍ഗ; ജനങ്ങള്‍ ആശങ്കയില്‍

By web deskFirst Published Mar 8, 2018, 5:27 PM IST
Highlights
  • ചാലിയാറില്‍ ആല്‍ഗ കാണപ്പെട്ട സ്ഥലങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് സി.ഡബ്ലു.ആര്‍.ഡി.എം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കോഴിക്കോട്: ബ്ലൂ ഗ്രീന്‍ ആല്‍ഗ പുഴകളില്‍ പടരുന്നതില്‍ ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സായ ഇരുവഴിഞ്ഞി പുഴയിലാണ് ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയത്. നിരവധി കുടിവെള്ള പദ്ധതികള്‍ അടക്കം സ്ഥിതി ചെയ്യുന്ന ഇരുവഴിഞ്ഞിയിലും ആല്‍ഗ കണ്ടെത്തിയതോടെ നാട്ടുകാര്‍ വലിയ ഭീതിയിലാണ്. 

ചാലിയാറില്‍ ആല്‍ഗ കാണപ്പെട്ട സ്ഥലങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് സി.ഡബ്ലു.ആര്‍.ഡി.എം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

വേനല്‍ കനത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്നു ഇരുവഴിഞ്ഞിയും ചാലിയാറും. ഈ പുഴകളിലെ വെള്ളവും ഉപയോഗിക്കാന്‍ പറ്റാതായതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ജലത്തില്‍ നൈട്രേറ്റും ഫോസ്‌ഫേറ്റും വര്‍ദ്ധിക്കുമ്പോഴാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗ രൂപപ്പെടുന്നത്. ഇത് മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണിയാണ്. 

ഇരുവഴിഞ്ഞി പുഴയില്‍ കാരശേരി വൈശ്യംപുറം ഭാഗത്ത് കഴിഞ്ഞ ദിവസം മത്സ്യങ്ങള്‍ വ്യാപകമായി ചത്ത് പൊങ്ങിയിരുന്നു. കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനാല്‍ വെള്ളത്തിന് ഒഴുക്കില്ലാത്തതാണ് ആല്‍ഗ പടരാന്‍ കാരണം. അതേ സമയം കവണക്കല്ലിന്റ ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ അത് നിരവധി പഞ്ചായത്തുകളിലെ കിണറുകള്‍ ഉള്‍പ്പെടെ വറ്റുന്നതിനും കാരണമാവും.
 

click me!