സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
തിരുവനന്തപുരം: പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്‍റെ മരണത്തിൽ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. അമ്പാട്ടുപാളയം മുഹമ്മദ് അനസ് - തൗഹീദ ദമ്പതികളുടെ ഇളയമകൻ, ആറു വയസ്സുകാരൻ സുഹാൻ വിട പറഞ്ഞു എന്ന വാർത്ത അത്യന്തം വേദനിപ്പിക്കുന്നതാണ്. യുകെജി വിദ്യാർത്ഥിയായ ആ കുരുന്നിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നറിഞ്ഞപ്പോൾ വലിയ നടുക്കമാണുണ്ടായത്. ഒരു നാടിനെ മുഴുവൻ സങ്കടത്തിലാക്കിയ ഈ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മകനെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. കുടുംബത്തിന് നിയമപരമായി വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്–തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് കാണാതായത്. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ വീട്ടില്‍ നിന്ന് 300 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് കുളത്തിന് നടുവിൽ മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടന്ന നിലയിൽ കണ്ടത്. ഇത്രയും ദൂരം കുട്ടി എങ്ങിനെ എത്തിയെന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷിക്കണമെന്ന് ചിറ്റൂര്‍ നഗരസഭാ ചെയര്‍മാന്‍ സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. നടന്ന് പോകുമ്പോൾ അപകടത്തില്‍ പെടാനുള്ള കുളമല്ല ഇതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. സുഹാന്‍റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ഒരു ആവശ്യത്തിനായി പോയതായിരുന്നു.


