മുംബൈ കോര്‍പറേഷന്‍ ഭരണം; ശിവസേന കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു

By Web DeskFirst Published Feb 25, 2017, 8:47 AM IST
Highlights

മുംബൈ: മുംബൈ കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ ശിവസേന കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. കോണ്‍ഗ്രസിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ശിവസേന വാഗ്ദാനം ചെയ്തതായാണ് വിവരം. അതേസമയം, വര്‍ഗീയ പാര്‍ട്ടിയായ ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം പറഞ്ഞു.

ബി.ജെ.പിയുമായി പിരിഞ്ഞ് ഒറ്റയ്‌ക്ക് മത്സരിച്ച ശിവസേനയ്‌ക്ക് 84 സീറ്റാണ് 227 അംഗ കോര്‍പ്പറേഷനില്‍ ലഭിച്ചത്. ബി.ജെ.പി 82 സീറ്റ് നേടി. 31 പേരെ മാത്രമാണ് കോണ്‍ഗ്രസിന് ജയിപ്പിക്കാനായത്. ഭൂരിപക്ഷം തികയ്‌ക്കാന്‍ 114 പേരുടെ പിന്തുണ വേണമെന്നിരിക്കെ ബിജെപിയെ അകറ്റിനിര്‍ത്താനായി കോണ്‍ഗ്രസിന്റെ സഹായം തേടുകയാണ് സേന. ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കാമെന്നറിയിച്ച് അശോക് ചവാന്‍ അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ അടുത്തേക്ക് ഉദ്ദവ് താക്കറെ ദൂതന്‍മാരെ അയച്ചു എന്നാണ് വിവരം.

കഴിഞ്ഞതവണ 52 സീറ്റുണ്ടായിരുന്നിടത്ത് 31ലേക്ക് ചുരുങ്ങിയെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കിംഗ് മേക്കറാകാം. അതേയമയം തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കില്ലെന്നും സേന പിന്തുണയാവശ്യപ്പെട്ട് സമീപിച്ചിരുന്നു എന്നും മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപം വ്യക്തമാക്കി.

ശിവസേനയുമായി കൈകോര്‍ക്കുന്നത് ഉത്തര്‍പ്രദേശിലടക്കം തിരിച്ചടിയുണ്ടാക്കുമോ എന്ന് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നു. ഹൈക്കമാന്‍ഡായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതേസമയം, പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസിനെ സമീപിച്ചിട്ടില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇതിനിടെ, പിണക്കംമറന്ന് കൈകോര്‍ക്കാന്‍ സേനയോട് ബിജെപി നേതാവ് നിധിന്‍ ഗഡ്കരി അഭ്യര്‍ത്ഥിച്ചു. പക്ഷെ വീണ്ടും ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടിയുടെ അവശേഷിക്കുന്ന വോട്ട് ബാങ്കും ബി.ജെ.പിയിലേക്ക് ഒഴുകുമോയെന്ന് സേന ഭയക്കുന്നു. മാര്‍ച്ച് ഒന്‍പതിനാണ് മുംബൈ കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ്.

 

 

 

click me!