കേന്ദ്ര സര്‍ക്കാരിന്‍റെ നിയമഭേദഗതിക്കെതിരെ ബി.എം.എസ്

By Web DeskFirst Published Mar 22, 2018, 7:53 PM IST
Highlights
  • എതിര്‍പ്പുമായി ബിഎംഎസ്സും 
  • ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യം 
  • പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും 

കോഴിക്കോട്: കരാര്‍ തൊഴിലാളികളെ നിയമിക്കാൻ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിയമഭേദഗതിക്കെതിരെ ബി.എം.എസ് നിലപാട് കടുപ്പിക്കുന്നു. ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിഎംഎസ് മുന്നറിയിപ്പ് നല്‍കി. നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നിയമിച്ച മേഖലകളില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

വസ്ത്രനിര്‍മ്മാണം തുകല്‍വ്യവസായം ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലാണ് നിശ്ചിതകാലത്തേക്ക് നിയമനം നടത്താൻ സര്‍ക്കാര്‍ ആദ്യം അനുവദിച്ചത്. തൊഴിലവസരങ്ങല്‍ കുറയാനും കരാര്‍ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനുമാണ് ഇത് വഴി വച്ചതെന്ന് ലേബര്‍ ബ്യൂറോയുടെ കണക്കുകൾ തെളിയിക്കുന്നു. 2017ന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ വസ്ത്രമേഖലയില്‍ 72000 തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമായത്.

ഇതില്‍ 48000പേരും കരാര്‍ തൊഴിലാളികള്‍. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 65ശതമാനം കരാര്‍ തൊഴിലാളികളേയും പിരിച്ചുവിട്ടു. തുകല്‍ ചെരിപ്പ് നിര്‍മ്മാണ മേഖലയില്‍ 35000 പുതിയ നിയമനം നടന്നു.എന്നാല്‍ 45ശതമാനം പേര്‍ക്കും 2017ആദ്യ പാദത്തില്‍ തൊഴില്‍ നഷ്ടമായി..പുതിയ നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചിലെങ്കില്‍ മറ്റു സംഘടനകളുടമായി സഹകരിച്ച് പ്രതിഷേധം ഉയര്‍ത്തുമെന്നും നിയമപോരാട്ടത്തിലേക്ക് കടക്കുമെന്നും ബിഎംഎസ് വ്യക്തമാക്കി 

ഇതിനിടെ ഗ്രാറ്റുവിറ്റി നല്‍കാന്‍ ചുരുങ്ങിയത് അഞ്ചുകൊല്ലം തുടർച്ചയായി ജോലിചെയ്യണമെന്ന വ്യവസ്ഥ മാറ്റിയതിനെതിരെ തൊഴിലുടമകളും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.നിശ്ചിതകാലത്തേക്ക് നിയമിക്കുന്ന തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റിക്ക് അഞ്ചുകൊല്ലം വേണമെന്ന് വ്യവസ്ഥയിൽ ഇളവു നല്കിയിരിക്കുന്നത്. 

അതേസമയം ഏപ്രിൽ രണ്ടിന്  ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനുകള്‍ സംസ്ഥാന വ്യാപകമായി  പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. കേന്ദ്ര തൊഴിൽ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ ആണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.

click me!