പോലീസ് വീഴ്ച്ചയില്‍ നിരപരാധി പ്രതിയായി;  മകനെ പുറത്തിറക്കാന്‍ ശ്രമിച്ച് കുടുംബം കടക്കെണിയില്‍

സുധീഷ് പുങ്ങംചാല്‍ |  
Published : Mar 22, 2018, 07:45 PM ISTUpdated : Jun 08, 2018, 05:48 PM IST
പോലീസ് വീഴ്ച്ചയില്‍ നിരപരാധി പ്രതിയായി;  മകനെ പുറത്തിറക്കാന്‍ ശ്രമിച്ച് കുടുംബം കടക്കെണിയില്‍

Synopsis

നാട്ടിലെ ബേക്കറി സെന്ററില്‍ നിന്ന് കടകളിലേക്ക് ബേക്കറി സാധനങ്ങള്‍ എത്തിക്കുന്നതായിരുന്നു ഷാനവാസിന്റെ ജോലി. ഇതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്നതിനിടെയാണ് പോലീസിന്റെ കിരാത നടപടിക്ക് ഈ ചെറുപ്പക്കാരന്‍ ഇരയായത്.

കാസര്‍കോട്: പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച  സ്വാമിമുക്കിലെ ഷാനവാസിന്റെ വീട്ടുകാര്‍ കടക്കെണിയില്‍. നിരപരാധിയായ മകനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ നിര്‍ധന കുടുംബത്തിന് ചിലവായത് ലക്ഷങ്ങള്‍. ഷാനവാസിന്റെ സഹോദരിമാരുടെ കാതിലെയും കഴുത്തിലെയും പൊന്നിന്‍ തരികള്‍ ഊരി വിറ്റും കടംവാങ്ങിയുമാണ് ജയിലില്‍ കഴിയുകയായിരുന്ന മകനെ പുറത്തിറക്കാന്‍ പണം കണ്ടെത്തിയതെന്ന് പിതാവ് ഷാഹുല്‍ ഹമീദ് പറയുന്നു. 

ഏകദേശം ഒരുലക്ഷത്തോളം രൂപ ചിലവായി. രണ്ട് പെണ്മക്കള്‍ അടങ്ങിയ കുടുംബത്തിലെ ഏക ആണ്‍ തരിയാണ് ഷാനവാസ്. പത്താം തരം പഠനത്തിന് ശേഷം മകന് ഉപജീവനത്തിനായി ഷാഹുല്‍ ഹമീദ് ഒരു ഓട്ടോറിക്ഷ വാങ്ങി നല്‍കുകയായിരുന്നു. നാട്ടിലെ ബേക്കറി സെന്ററില്‍ നിന്ന് കടകളിലേക്ക് ബേക്കറി സാധനങ്ങള്‍ എത്തിക്കുന്നതായിരുന്നു ഷാനവാസിന്റെ ജോലി. ഇതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്നതിനിടെയാണ് പോലീസിന്റെ കിരാത നടപടിക്ക് ഈ ചെറുപ്പക്കാരന്‍ ഇരയായത്. പീഡനകേസിലെ പ്രതിയാണ് താനെന്ന് പൊതുസമൂഹത്തിന്റെ മുന്നില്‍ വിളിച്ച് പറഞ്ഞ പോലീസിന് പടച്ച തമ്പുരാന്‍ ശിക്ഷ നല്‍കുമെന്ന് വികാരാധീനനായി ഷാനവാസും ഉപ്പ ഷാഹുല്‍ ഹമീദും എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

പതിനാറ് ദിവസമാണ് അവിവാഹിതനായ ഷാനവാസ് സ്ത്രീ പീഢനകേസ് ചുമത്തപ്പെട്ട് കാഞ്ഞങ്ങാട് ജയിലില്‍ കഴിഞ്ഞത്. മാനസികമായും ശാരീരികമായും തളര്‍ന്ന ഷാനവാസിന് ഇപ്പോള്‍ പൊതുസമൂഹത്തെ അഭിമുഖീകരിക്കുവാന്‍ പ്രയാസം നേരിടുകയാണ്. 2017 നവംബര്‍ 24 ന് ഉച്ചക്ക് 2.15 നാണ് കേസിനാസ്പദമായ സംഭവം. പിലിക്കോട് സ്വദേശിനിയായ യുവതിയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതി നല്‍കിയത്. ചന്തേര സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി   പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും സ്വകാര്യ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പിറകിലേക്ക് കൈയ്യിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും രക്ഷപ്പെടാനായി ഓട്ടോയില്‍ നിന്നും ചാടിയപ്പോള്‍ റോഡില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.

തുടര്‍ന്ന് അന്വേഷണം നടത്തിയ ചന്തേര പോലീസ് പയ്യന്നൂര്‍ കാങ്കോല്‍ സ്വാമിമുക്ക് മുരുങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് ഹൗസില്‍ ഷാജഹാന്റെ മകന്‍ എ.ജി. ഷാനവാസിനെ (21) അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. നിരപരാധിയായ തന്റെ സഹോദരനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലിന് റൂട്ട്കനാല്‍ ചെയ്യാനായി പോയിരുന്നുവെന്നും കാണിച്ച് സഹോദരി റുബീനയും പിതാവ് ഷാഹുല്‍ ഷാഹുല്‍ ഹമീദും അറിയിച്ചിട്ടും പോലീസ് ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്ന് ഷാനവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ സിസിടിവി ദൃശ്യം പരിശോധിക്കണമെന്ന് സഹോദരി ആവശ്യപ്പെട്ടിട്ടും പോലീസ് ചെവികൊണ്ടില്ല.

പിന്നീട് മനുഷ്യാവകാശ കമ്മീഷനും, കാസര്‍കോട് എസ്പിക്കും ഉത്തരമേഖലാ ഐജിക്കും ബന്ധുക്കള്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പിക്കുകയുമായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ മൂന്ന് നിരീക്ഷണ ക്യാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചു. 

ആശുപത്രി രേഖകളും ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ സംഭവ ദിവസം ഉച്ചക്ക് മൂന്ന് മണിവരെ ഷാനവാസ് പരിയാരം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗത്തില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തിവരികയായിരുന്നുവെന്ന് വ്യക്തമായി. ഇതുകൂടാതെ കാലിക്കടവിലെ നിരീക്ഷണ ക്യാമറകളും സംഘം പരിശോധിച്ചു. ഇതോടെ യുവാവ് കുറ്റക്കാരനല്ലെന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷണം സംഘത്തിന് വ്യക്തമാവുകയും കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. കടക്കെണിയില്‍ അയാല്‍ പോലും പോലീസിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും ചന്ദേര എസ്‌ഐയായിരുന്ന ഉമേശന്റെ പേരില്‍ ക്രിമിനല്‍ കേസെടുത്ത് സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും ഷാനവാസിന്റെ സഹോദരി ആവശ്യപ്പെട്ടു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ